- Home
- Sports
- Cricket
- ബഹിഷ്‌കരണ ഭീഷണി വെറും 'ഷോ'; തോൽവി സമ്മതിച്ച് പാകിസ്ഥാൻ, ലോകകപ്പിൽ കളിക്കാൻ കൊളംബോയിലേക്ക് ടിക്കറ്റെടുത്തു
ബഹിഷ്‌കരണ ഭീഷണി വെറും 'ഷോ'; തോൽവി സമ്മതിച്ച് പാകിസ്ഥാൻ, ലോകകപ്പിൽ കളിക്കാൻ കൊളംബോയിലേക്ക് ടിക്കറ്റെടുത്തു
ടി20 ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയിൽ നിന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പിന്മാറുന്നു. സാമ്പത്തിക പ്രത്യാഘാതങ്ങളും രാഷ്ട്രീയ സമ്മർദ്ദവുമാണ് ഈ തീരുമാനത്തിന് പിന്നിൽ.

ഒടുവില്‍ പിന്‍മാറ്റം
ടി20 ലോകകപ്പ് ബഹിഷ്‌കരണമടക്കമുള്ള നാടകീയ നീക്കങ്ങളിൽ നിന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പിൻവാങ്ങുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐസിസി ടൂർണമെന്‍റിൽ നിന്ന് നീക്കിയതിനെത്തുടർന്നാണ് പാകിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ലോകകപ്പ് ബഹിഷ്കരിച്ചില്ലെങ്കിലും ഇന്ത്യയുമായുള്ള മത്സരമെങ്കിലും ബഹിഷ്കരിക്കുമെന്നും ഇന്ത്യക്കെതിരെ കളിക്കാനിറങ്ങിയാല്‍ കറുത്ത ആം ബാന്‍ഡ് ധരിക്കുമെന്നുമെല്ലാം പാകിസ്ഥാൻ ഭീഷണി മുഴക്കിയിരുന്നു.
ടിക്കറ്റെടുത്തു കേട്ടോ
എന്നാൽ, അടുത്ത മാസം ഏഴിന് ആരംഭിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായാണ് ഏറ്റവും പുതിയ വിവരം. നിലവില്‍ പാകിസ്ഥാനില്‍ ടി20 പരമ്പര കളിക്കുന്ന ഓസ്ട്രേലിയന്‍ ടീമിനൊപ്പമാണ് പാകിസ്ഥാനും ശ്രീലങ്കയിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.
നിർണായകമായത് പ്രധാനമന്ത്രിയുടെ ഇടപെടൽ
പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകകപ്പ് ബഹിഷ്‌കരണ നീക്കം ഉപേക്ഷിക്കാൻ പാകിസ്ഥാന്‍ തീരുമാനമായത്. ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം നിലനിർത്തുമ്പോഴും ടൂർണമെന്‍റ് ബഹിഷ്‌കരിക്കുന്നത് ഐസിസിയിൽ നിന്ന് ലഭിക്കുന്ന കോടികളുടെ ഫണ്ടും പാക് ടീമിന്‍റെ അന്താരാഷ്ട്ര പദവിയും നഷ്ടമാകാന്‍ ഇടയാക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നഖ്‌വിയുമായുള്ള കൂടിക്കാഴ്ചയില്‍ മുന്നറിയിപ്പ് നൽകിയിരുന്നു.
കടക്കെണി കണ്ട് പേടിച്ചു
ലോകകപ്പ് ബഹിഷ്‌കരിച്ചാൽ ഏകദേശം 320 കോടി രൂപയുടെ (38 മില്യൺ ഡോളർ) നഷ്ടപരിഹാര കേസ് പാകിസ്ഥാൻ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് ബംഗ്ലാദേശിനെ പിന്തുണയ്ക്കുമ്പോഴും സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭയന്ന് ടൂർണമെന്‍റിൽ നിന്ന് മാറിനിൽക്കണ്ട എന്ന തിരുമാനത്തിലേക്ക് സര്‍ക്കാരും പാക് ക്രിക്കറ്റ് ബോര്‍ഡും എത്തിയത്.
ഉന്നതതല സമ്മര്‍ദ്ദം
പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് സർദാരി, സൈനിക നേതൃത്വം, മുൻ പിസിബി ചെയർമാന്മാരായ നജാം സേത്തി, റമീസ് രാജ എന്നിവരും ടീമിനെ അയക്കണമെന്ന നിലപാടാണ് എടുത്തത്. ഇതും പിസിബിയുടെ നിലപാട് മയപ്പെടാന്‍ കാരണമായതായി സൂചനയുണ്ട്.
ഓസ്‌ട്രേലിയക്കൊപ്പം കൊളംബോയിലേക്ക്
സൽമാൻ അലി ആഗ നയിക്കുന്ന പാകിസ്ഥാൻ ടീം, നിലവിൽ തങ്ങളുമായി പരമ്പര കളിക്കുന്ന ഓസ്‌ട്രേലിയൻ ടീമിനൊപ്പമായിരിക്കും കൊളംബോയിലേക്ക് തിരിക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെയുള്ള നിർണായക മത്സരവും പാകിസ്ഥാൻ കളിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഓദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച
ലോകകപ്പില്‍ കളിക്കുന്ന കാര്യത്തിലെ അന്തിമ തീരുമാനം വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ഔദ്യോഗികമായി പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യവും പാകിസ്ഥാന്‍ വ്യക്തമാക്കും.
ലോകകപ്പിനുള്ള പാകിസ്ഥാന്‍ ടീം
സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

