2027 ഏകദിന ലോകകപ്പ്: രോഹിത്, കോലി എന്നിവരുടെ കാര്യത്തില്‍ വ്യക്തത വേണമെന്ന് യുവരാജ് സിംഗ്

Published : Apr 03, 2026, 07:09 PM IST
Rohit and Kohli

Synopsis

2027ലെ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പങ്കാളിത്തത്തെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റ് വ്യക്തത വരുത്തണമെന്ന് മുന്‍ താരം യുവരാജ് സിംഗ് ആവശ്യപ്പെട്ടു. 

മുംബൈ: 2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിത് ശര്‍മയുടെയും വിരാട് കോലിയുടെയും പങ്കിനെക്കുറിച്ച് വ്യക്തമായ ഒരു തീരുമാനം അറിയിക്കാന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് തയ്യാറാകണമെന്ന് മുന്‍ താരം യുവരാജ് സിംഗ്. ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളോട് സുതാര്യമായി കാര്യങ്ങള്‍ സംസാരിക്കണമെന്നും അനിശ്ചിതത്വം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിട്ടുനില്‍ക്കുന്ന രോഹിതും വിരാടും ഏകദിനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് പറയുന്നതിങ്ങനെ... ''അവരുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയില്ല. ലോകകപ്പ് കളിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഭാവി തീരുമാനിക്കേണ്ടത് സെലക്ടര്‍മാരും അവരും തമ്മിലുള്ള ചര്‍ച്ചകളിലൂടെയാണ്. സത്യസന്ധമായ ഒരു സംവാദം ഇവിടെ ആവശ്യമാണ്. ടീം യുവാക്കളെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അത് അവരുടെ മുഖത്ത് നോക്കി പറയാന്‍ മാനേജ്മെന്റ് തയ്യാറാകണം. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ അധികം സംഭവിക്കാറില്ല.'' യുവരാജ് വ്യക്തമാക്കി.

കണക്കുകള്‍ പരിശോധിച്ചാല്‍ ഇരുവരും ഇപ്പോഴും മികച്ച ഫോമിലാണെന്ന് കാണാം. 2025 അവസാനത്തോടെ തന്റെ പഴയ ഫോം വീണ്ടെടുത്ത കോലി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ 151 ശരാശരിയില്‍ 302 റണ്‍സ് നേടി ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തി. ഓസ്ട്രേലിയയില്‍ 101 ശരാശരിയില്‍ 202 റണ്‍സ് നേടിയ രോഹിത് സിഡ്നിയില്‍ ഇന്ത്യയ്ക്ക് പരമ്പര നേടിക്കൊടുത്തു. എന്നാല്‍ തൊട്ടുപിന്നാലെ നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 61 റണ്‍സ് മാത്രമാണ് നേടാനായത്.

ഐപിഎല്ലിന് ശേഷം തീരുമാനം വേണം

യശസ്വി ജയ്സ്വാളിനെപ്പോലെയുള്ള യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍, ടീമില്‍ മാറ്റങ്ങള്‍ ആവശ്യമാണോ എന്നത് ബിസിസിഐയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഈ ഐപിഎല്ലിന് ശേഷം ഇതില്‍ ഒരു തീരുമാനമുണ്ടാകണമെന്ന് യുവരാജ് വിശ്വസിക്കുന്നു. ''അവരെ ലോകകപ്പിനായി ടീമില്‍ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ പൂര്‍ണ പിന്തുണ നല്‍കുക. അല്ലായെങ്കില്‍ യുവാക്കളെയാണ് നോക്കുന്നതെന്ന് അവരോട് തുറന്നു പറയുക. ലോകകപ്പ് പോലെ വലിയ ടൂര്‍ണമെന്റുകളില്‍ അനുഭവസമ്പത്ത് പ്രധാനമാണ്. ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത്. വിരാട് ഈ തലമുറയിലെ ഏറ്റവും മികച്ച താരമാണ്. അവര്‍ രണ്ടുപേരും അര്‍ഹിക്കുന്ന ആ ബഹുമാനം നല്‍കണം.'' യുവരാജ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഈ ഐപിഎല്‍ സീസണില്‍ പുതിയൊരു റിഷഭ് പന്തിനെ കാണാം'; പിന്തുണയുമായി യുവരാജ് സിംഗ്
ആ'രഹസ്യ പരിശീലകനെ തേടി ആരാധകര്‍', പേര് പുറത്ത് പറയാനാവില്ലെന്ന് ഹൈദരാബാദ് താരം നിതീഷ് കുമാർ റെഡ്ഡി