വലിയ ആഗ്രഹമാണത്, സഫലമാകുമെന്നാണ് പ്രതീക്ഷ; കരിയറിലെ സ്വപ്നത്തെ കുറിച്ച് ചാഹല്‍

By Web TeamFirst Published May 22, 2021, 8:11 PM IST
Highlights

മറ്റു സ്പിന്നര്‍മാരെ പോലെ ടെസ്റ്റ് കളിക്കാനുള്ള ഭാഗ്യം ചാഹലിന് ലഭിച്ചിട്ടില്ല. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാണ്.
 

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണ് യൂസ്‌വേന്ദ്ര ചാഹല്‍. മറ്റു സ്പിന്നര്‍മാരെ പോലെ ടെസ്റ്റ് കളിക്കാനുള്ള ഭാഗ്യം ചാഹലിന് ലഭിച്ചിട്ടില്ല. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സജീവമാണ്. ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം പലപ്പോഴും ചാഹല്‍ പ്രകടമാക്കിയിട്ടുണ്ട്. ഒരിക്കല്‍കൂടി ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായ ചാഹല്‍.

30-കാരനായ ചാഹല്‍ പറയുന്നതിങ്ങനെ... ''ടെസ്റ്റ് ടീമില്‍ കളിക്കുകയെന്നത് വലിയ നേട്ടമായിട്ടാണ് ഞാന്‍ കരുതുന്നത്. ക്രിക്കറ്റ് കരിയറില്‍ അതിനേക്കാള്‍ വലുതൊന്ന് കിട്ടാനില്ല. ഒരിക്കല്‍ എന്നെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് വലിയ ആഗ്രഹമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ പോലെ ടെസ്റ്റിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്.'' ചാഹല്‍ പറഞ്ഞുനിര്‍ത്തി. 

2016ല്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് താരം അരങ്ങേറുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കുല്‍ദീപ്- ചാഹല്‍ ദ്വയം ഇന്ത്യന്‍ ക്രിക്കറ്റില്‍ വിജയമായിരുന്നു. എന്നാലിപ്പോള്‍ മോശം ഫോമിനെ തുടര്‍ന്ന് കുല്‍ദീപ് ടീമിന് പുറത്താണ്. ഇന്ത്യയ്ക്കായി 54 ഏകദിനങ്ങളും 48 ടി20 മത്സരങ്ങളിലും ചാഹല്‍ കളിച്ചു. ഏകദിനത്തില്‍ 92 വിക്കറ്റും ടി20യില്‍ 62 പേരെയും താരം പുറത്താക്കി.

click me!