'അപേക്ഷ നൽകാതെ സാധിക്കുമോ?'; ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ താത്പ്പര്യം പ്രകടിപ്പിച്ച് സഹീര്‍ ഖാൻ

Published : Apr 07, 2025, 07:04 PM IST
'അപേക്ഷ നൽകാതെ സാധിക്കുമോ?'; ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ താത്പ്പര്യം പ്രകടിപ്പിച്ച് സഹീര്‍ ഖാൻ

Synopsis

നിലവിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി സേവനമനുഷ്ഠിക്കുകയാണ് സഹീര്‍ ഖാൻ. 

ഇന്ത്യൻ ടീമിൻറെ മുഖ്യ പരിശീലകനാകാൻ താത്പ്പര്യം പ്രകടിപ്പിച്ച് മുൻ പേസർ സഹീർ ഖാൻ. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു സഹീർ മനസ് തുറന്നത്. ഭാവിയിൽ ഇന്ത്യൻ ടീമിൻറെ പരിശീലകനാകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ആദ്യം തമാശ രൂപേണ 'അപേക്ഷ നൽകാതെ എങ്ങനെ സാധിക്കും?' എന്നായിരുന്നു താരത്തിൻറെ പ്രതികരണം. എന്നാൽ വീണ്ടും ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നതോടെ 'ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചാൽ അത് ഏറ്റവും വലിയ ബഹുമതിയായിരിക്കും' എന്ന് സഹീർ മറുപടി നൽകി. 

നിലവിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി സേവനമനുഷ്ഠിക്കുന്ന സഹീർ ഖാന്റെ പരിചയസമ്പത്ത് ടീമിന് വലിയ ഊർജ്ജമാണ് നൽകുന്നത്. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ സഹീർ ഖാന്റെ സേവനം ലഖ്നൗ ടീമിന് മുതൽക്കൂട്ടാണ്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ സഹീർ ഖാൻ 2011ലെ ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിൽ നിർണായക പങ്കാണ് വഹിച്ചത്. ഇന്ത്യയുടെ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയ അദ്ദേഹം ലോകകപ്പിൽ വെറും 9 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിന് പിന്നാലെ 2011-ൽ അദ്ദേഹം രാജ്യത്തെ രണ്ടാമത്തെ ഉയർന്ന കായിക ബഹുമതിയായ അർജുന അവാർഡും നേടി. 

നേരത്തെ, മുംബൈ ഇന്ത്യൻസിൽ ക്രിക്കറ്റ് ഡയറക്ടറായും ഗ്ലോബൽ ഡെവലപ്‌മെന്റ് മേധാവിയായും സഹീർ പ്രവർത്തിച്ചിട്ടുണ്ട്. 2024 ൽ ലഖ്നൗവിൽ മെന്ററായി എത്തുന്നതിന് മുമ്പ് ജസ്പ്രീത് ബുമ്രയുടെ ഉയർച്ചയിൽ സഹീർ സുപ്രധാന പങ്കാണ് വഹിച്ചത്. അതേസമയം, 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയതിലൂടെ ഇതിനോടകം തന്നെ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീർ അം​ഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം പദവിയൊഴിഞ്ഞ രാഹുൽ ദ്രാവിഡിന്റെ പകരക്കാരനായാണ് ​ഗംഭീർ പരിശീലക സ്ഥാനത്തേയ്ക്ക് എത്തിയത്. 

READ MORE: ആടിയുലഞ്ഞ് പാകിസ്ഥാൻ ക്രിക്കറ്റ്; 3-0 തോൽവിയ്ക്ക് പിന്നാലെ ലഭിച്ചത് ഹാട്രിക് പിഴ!

PREV
Read more Articles on
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ