അരങ്ങേറ്റത്തില്‍ സെഞ്ചുറി, ബംഗ്ലാ ക്രിക്കറ്റില്‍ പുത്തന്‍ താരോദയം; സാകിര്‍ ഹസന്‍ റെക്കോര്‍ഡ് പട്ടികയില്‍

Published : Dec 17, 2022, 04:56 PM IST
അരങ്ങേറ്റത്തില്‍ സെഞ്ചുറി, ബംഗ്ലാ ക്രിക്കറ്റില്‍ പുത്തന്‍ താരോദയം; സാകിര്‍ ഹസന്‍ റെക്കോര്‍ഡ് പട്ടികയില്‍

Synopsis

ചില നേട്ടങ്ങളും താരത്തെ തേടിയെത്തി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ബംഗ്ലാദേശ് താരമായിരിക്കുകയാണ് ഹസന്‍. അമിനുല്‍ ഇസ്ലാമാണ് ഒന്നാമന്‍. 2000ല്‍ ഇന്ത്യക്കെതിരേയായിരുന്നു താരത്തിന്റെ സെഞ്ചുറി. 145 റണ്‍സാണ് അമിനുല്‍ നേടിയത്.

ചിറ്റഗോങ്: ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാദേശിനെ പൊരുതി നില്‍ക്കാനുള്ള കെല്‍പ് നല്‍കിയത് സാകിര്‍ ഹസന്റെ (100) സെഞ്ചുറിയായിരുന്നു. 24കാരന്റെ അരങ്ങേറ്റ ടെസ്റ്റായിരുന്നിത്. 224 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സിന്റേയും 12 ഫോറിന്റേയും അകമ്പടിയോടെയാണ് സെഞ്ചുറി നേടിയത്. ഓപ്പണിംഗ് വിക്കറ്റില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയ്‌ക്കൊപ്പം 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സാകിര്‍ ഹസന് സാധിച്ചു. 100 പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആര്‍ അശ്വിന്റെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് ഹസന്‍ മടങ്ങുന്നത്. 

ചില നേട്ടങ്ങളും താരത്തെ തേടിയെത്തി. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ബംഗ്ലാദേശ് താരമായിരിക്കുകയാണ് ഹസന്‍. അമിനുല്‍ ഇസ്ലാമാണ് ഒന്നാമന്‍. 2000ല്‍ ഇന്ത്യക്കെതിരേയായിരുന്നു താരത്തിന്റെ സെഞ്ചുറി. 145 റണ്‍സാണ് അമിനുല്‍ നേടിയത്. അരങ്ങേറ്റ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോറും അമിനുളിന്റെ പേരില്‍ തന്നെ. മുഹമ്മദ് അഷ്‌റഫുളാണ് രണ്ടാമന്‍. 2001ല്‍ ശ്രീലങ്കയ്‌ക്കെതിരെ 114 റണ്‍സാണ് അഷ്‌റഫുള്‍ നേടിയത്. 2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 113 റണ്‍സ് നേടിയ അബ്ദുള്‍ ഹസന്‍ മൂന്നാമനായും പട്ടികയിലുണ്ട്. ഇപ്പോള്‍ സാക്കിര്‍ ഹസനും.

മത്സരത്തില്‍ തോല്‍വി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് ബംഗ്ലാദേശ്. ഒരുദിനം ശേഷിക്കെ 241 റണ്‍സാണ് അവര്‍ക്കിനി ജയിക്കാന്‍ വേണ്ടത്. നാല് വിക്കറ്റുകള്‍ മാത്രമാണ് ശേഷിക്കുന്നത്. നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ ആറിന് 272 എന്ന നിലയിലാണ് ബംഗ്ലാദേശ്. ഷാക്കിബ് അല്‍ ഹസന്‍ (40), മെഹ്ദി ഹസന്‍ മിറാസ് (9) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. രണ്ട് ഇന്നിംഗ്‌സില്‍ നിന്നുമായി 512 റണ്‍സിന്റെ ലീഡുണ്ടായിരുന്നു ഇന്ത്യക്ക്. 

രണ്ടാം ഇന്നിംഗ്‌സില്‍ ശുഭ്മാന്‍ ഗില്‍ (110), ചേതേശ്വര്‍ പൂജാര (102) എന്നിവരുടെ സെഞ്ചുരി കരുത്തില്‍ രണ്ടിന് 258 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 404 റണ്‍സാണ് നേടിയത്. 90 റണ്‍സ് നേടിയ പൂജാരയായിരുന്നു ടോപ് സകോറര്‍. ശ്രേയസ് അയ്യര്‍ 86 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് കുല്‍ദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ 150ന് പുറത്തായി. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

സ്ലിപ്പില്‍ കോലി കൈവിട്ടു, നിലത്തുവീഴും മുമ്പെ പറന്നു പിടിച്ച് റിഷഭ് പന്ത്-വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒടുവില്‍ സര്‍ഫറാസിന് ഐപിഎല്‍ ടീമായി, പൃഥ്വി ഷാക്കും സല്‍മാന്‍ നിസാറിനും രണ്ടാം റൗണ്ടിലും ആവശ്യക്കാരില്ല
കൂച്ച് ബെഹാർ ട്രോഫി: ബറോഡയെ 223 റൺസിന് എറിഞ്ഞിട്ടു, കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച