'പാക് ടീമാണേല്‍ ഇതിന് 50 ഓവറും എടുത്തേനേ'; ഇന്ത്യന്‍ ബാറ്റിംഗിനെ ട്രോളിയ പാക് ആരാധകരെ ശകാരിച്ച് ഡാനിഷ് കനേറിയ

Published : Aug 21, 2022, 03:42 PM ISTUpdated : Aug 21, 2022, 03:48 PM IST
'പാക് ടീമാണേല്‍ ഇതിന് 50 ഓവറും എടുത്തേനേ'; ഇന്ത്യന്‍ ബാറ്റിംഗിനെ ട്രോളിയ പാക് ആരാധകരെ ശകാരിച്ച് ഡാനിഷ് കനേറിയ

Synopsis

ഇതേ സാഹചര്യത്തില്‍ ചേസ് ചെയ്ത് ജയിക്കണമെങ്കില്‍ പാകിസ്ഥാന് 50 ഓവറുകളും വേണ്ടിവരും എന്ന് ഡാനിഷ് കനേറിയ

ഹരാരെ: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയത്തോടെ പരമ്പര ഇന്ത്യന്‍ ടീം സ്വന്തമാക്കിയിരുന്നു. സിംബാബ്‌വെയുടെ 161 റണ്‍സ് 26 ഓവറിനിടെ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ മറികടന്നത്. എന്നാല്‍ കുഞ്ഞന്‍ സ്‌കോര്‍ പിന്തുടരാന്‍ അഞ്ച് വിക്കറ്റുകള്‍ തുലച്ച ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് പാക് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ടീമിനെ അനാവശ്യമായി കളിയാക്കിയ ഇവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് പാക് മുന്‍ ലെഗ്‌സ്‌പിന്നര്‍ ഡാനിഷ് കനേറിയ. 

'സിംബാബ്‌വെക്കെതിരെ 161 റണ്‍സ് പിന്തുടരുമ്പോള്‍ ടീം ഇന്ത്യ അ‍ഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തിയതിനെ കുറെ പാകിസ്ഥാന്‍ ആരാധകര്‍ കളിയാക്കുന്നത് കണ്ടു. അറ്റാക്കിംഗ് ശൈലിയില്‍ കളിക്കുന്ന ഇന്ത്യ 26 ഓവറിനിടെ മത്സരം ജയിച്ചു എന്ന് മനസിലാക്കണം. ഇതേ സാഹചര്യത്തില്‍ ചേസ് ചെയ്ത് ജയിക്കണമെങ്കില്‍ പാകിസ്ഥാന് 50 ഓവറുകളും വേണ്ടിവരും' എന്നും ഡാനിഷ് കനേറിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഹരാരെയിലെ മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ ജയവുമായി ഒരു കളി ബാക്കിനില്‍ക്കേ ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കുകയായിരുന്നു. 

മലയാളി യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ കരുത്തിലായിരുന്നു രണ്ടാം ഏകദിനത്തിലെ ഇന്ത്യന്‍ ജയം. 25.4 ഓവറില്‍ ഇന്ത്യ വിജയിക്കുമ്പോള്‍ സഞ്ജു 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 43* ഉം അക്‌സര്‍ പട്ടേല്‍ ഏഴ് പന്തില്‍ ഒരു ഫോറോടെ 6* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 21 പന്തില്‍ 33 റണ്‍സെടുത്തപ്പോള്‍ സഹ ഓപ്പണറായി ഇറങ്ങിയ നായകന്‍ കെ എല്‍ രാഹുലിന് അഞ്ച് പന്തില്‍ 1 റണ്ണേ നേടാനായുള്ളൂ. 34 പന്തില്‍ 33 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിന്‍റെ പ്രകടനവും നിര്‍ണായകമായി. ഇഷാന്‍ കിഷന്‍ ആറിനും ദീപക് ഹൂഡ 25നും പുറത്തായി. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 38.1 ഓവറില്‍ വെറും 161 റണ്‍സില്‍ പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവരാണ് സിംബാബ്‌വെയെ ഓള്‍ഔട്ടാക്കിയത്. 42 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത സീന്‍ വില്യംസിനും 47 പന്തില്‍ 39 റണ്‍സെടുത്ത റയല്‍ ബേളിനും മാത്രമേ കാലുറപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. 

കണ്ടാല്‍ 'തല' കെട്ടിപ്പിടിച്ച് അഭിനന്ദിക്കും; കാണാം ധോണി സ്റ്റൈലില്‍ സഞ്ജുവിന്‍റെ സിക്‌സര്‍ ഫിനിഷിംഗ്- വീഡിയോ

PREV
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍