സിംബാബ്‌‌വെയില്‍ സിക്‌സുമായി ഏകദിന പരമ്പര സമ്മാനിച്ചിരിക്കുകയാണ് ടീം ഇന്ത്യയുടെ പുതിയ ഫിനിഷര്‍ സഞ്ജു സാംസണ്‍

ഹരാരെ: സമീപകാലത്ത് ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഫിനിഷര്‍ ഡികെ എന്ന് വിളിപ്പേരുള്ള ദിനേശ് കാര്‍ത്തിക്കാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രമെടുത്താന്‍ ഏറ്റവും മികച്ച ഫിനിഷര്‍ എം എസ് ധോണിയും. തനത് സിക്‌സര്‍ സ്റ്റൈലില്‍ പറത്തി ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച നായകനാണ് എംഎസ്‌ഡി. സമാനമായി സിംബാബ്‌‌വെയില്‍ സിക്‌സുമായി ഏകദിന പരമ്പര സമ്മാനിച്ചിരിക്കുകയാണ് ടീം ഇന്ത്യയുടെ പുതിയ ഫിനിഷര്‍ സഞ്ജു സാംസണ്‍. ധോണിയുമായി ഏറെ സാമ്യമുള്ളതായി സഞ്ജുവിന്‍റെ ഈ ഫിനിഷിംഗ്. 

സഞ്ജു സാംസണിന്‍റെ സിക്‌സര്‍ ഫിനിഷിംഗ് വീണ്ടും കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകേണ്ടാ. ആരാധകരെ ത്രസിപ്പിച്ച് മലയാളി താരത്തിന്‍റെ ധോണി സ്റ്റൈല്‍ ഫിനിഷിംഗ് കാണാം. ഇന്നിംഗ്‌സിന്‍റെ 26-ാം ഓവറില്‍ സ്‌പിന്നര്‍ ഇന്നസെന്‍റ് കയ്യ പന്തെറിയാനെത്തുമ്പോള്‍ ഒരു റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തുകളും പ്രതിരോധിച്ച സഞ്ജു നാലാം പന്ത് ഗാലറിയിലെത്തിച്ച് വിജയം ആഘോഷിക്കുകയായിരുന്നു.

Scroll to load tweet…

സഞ്ജുവിന്‍റെ കരുത്തില്‍ രണ്ടാം ഏകദിനം അഞ്ച് വിക്കറ്റിന് വിജയിച്ച് പരമ്പര ഒരു കളി ബാക്കിനില്‍ക്കേ ഇന്ത്യ സ്വന്തമാക്കി. മത്സരം അവസാനിക്കുമ്പോള്‍ സഞ്ജു സാംസണ്‍ 39 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 43* ഉം അക്‌സര്‍ പട്ടേല്‍ ഏഴ് പന്തില്‍ ഒരു ഫോറോടെ 6* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്‍ 21 പന്തില്‍ 33 റണ്‍സെടുത്തപ്പോള്‍ സഹ ഓപ്പണറായി ഇറങ്ങിയ നായകന്‍ കെ എല്‍ രാഹുലിന് അഞ്ച് പന്തില്‍ 1 റണ്ണേ നേടാനായുള്ളൂ. 34 പന്തില്‍ 33 റണ്‍സെടുത്ത ശുഭ്‌മാന്‍ ഗില്ലിന്‍റെ പ്രകടനവും നിര്‍ണായകമായി. ഇഷാന്‍ കിഷന്‍ ആറിനും ദീപക് ഹൂഡ 25നും പുറത്തായി. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങി ഹരാരെ സ്പോര്‍ട്‌സ് ക്ലബില്‍ ഇന്ത്യക്കെതിരെ സിംബാബ്‌വെ 38.1 ഓവറില്‍ വെറും 161 റണ്‍സില്‍ പുറത്താവുകയായിരുന്നു. രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവരുടെ ബൗളിംഗ് മികവില്‍ സിംബാബ്‌വെ അടിയറവുപറയുകയായിരുന്നു. 42 പന്തില്‍ അത്രതന്നെ റണ്‍സെടുത്ത സീന്‍ വില്യംസും 47 പന്തില്‍ 39 റണ്‍സെടുത്ത റയല്‍ ബേളും മാത്രമാണ് പിടിച്ചുനിന്നത്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റേഗിസ് ചകാബ്വ രണ്ട് റണ്‍സില്‍ പുറത്തായി. 

ഇതാ ഇന്ത്യക്ക് പുതിയ ഫിനിഷര്‍, പേര് സഞ്ജു സാംസണ്‍; വാഴ്‌ത്തിപ്പാടി ക്രിക്കറ്റ് ലോകം