ഞാന്‍ പണത്തിന് പിന്നാലെ പോയെന്ന് ചിലര്‍ പറഞ്ഞു; മനസ് തുറന്ന് ഡിവില്ലിയേഴ്‌സ്

By Web TeamFirst Published Jul 12, 2019, 6:18 PM IST
Highlights

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതിന് ശേഷം ഒരിക്കല്‍കൂടി മനസ് തുറന്ന് സംസാരിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

കേപ്ടൗണ്‍: ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാതെ പോയതിന് ശേഷം ഒരിക്കല്‍കൂടി മനസ് തുറന്ന് സംസാരിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. നേരത്തെ, വീണ്ടും കളിക്കാമെന്നേറ്റിട്ടും ഡിവില്ലിയേഴ്‌സിനെ സെലക്റ്റര്‍മാര്‍ തഴഞ്ഞതാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ലോകകപ്പിന് മുമ്പ് എന്നെ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് എനിക്ക് പ്രതികരിക്കേണ്ടതായുണ്ടെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. അദ്ദേഹം തുടര്‍ന്നു... ''2018ലാണ് ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. കാരണം എനിക്ക് ജോലിഭാരം കുറച്ച് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമായിരുന്നു. ഞാന്‍ പണത്തിന് പിന്നാലെ പോയതാണെന്ന് ചിലര്‍ പറഞ്ഞുപരത്തി. എന്നാല്‍ ആ ചിന്ത തെറ്റായിരുന്നു. വിരമിക്കലിന് ശേഷം എനിക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റുമായി ബന്ധങ്ങളൊന്നുമില്ലായിരുന്നു. 

അവര്‍ എന്നെ ബന്ധപ്പെട്ടതുമില്ല, തിരിച്ച് ഞാനും അങ്ങനെയായിരുന്നു. ഞാനും ഫാഫ് ഡു പ്ലെസിസും ചെറുപ്പകാലം മുതല്‍ സുഹൃത്തുക്കളാണ്. ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ് ഫാഫ് എന്നെ വിളിച്ചിരുന്നു. ആ സമയത്ത് ഞാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഭേദപ്പെട്ട ഫോമില്‍ കളിക്കുന്ന സമയമാണ്. അന്ന് വിളിച്ചപ്പോഴും ഞാന്‍ മറുപടി പറഞ്ഞത്, ആവശ്യമെങ്കില്‍ കളിക്കാന്‍ തയ്യാറാണെന്നാണ്. അത് ഒരുവര്‍ഷം മുമ്പും പറഞ്ഞിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ മാത്രമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. മറ്റൊരു ആവശ്യവും ഞാന്‍ ഉന്നയിച്ചിരുന്നില്ല. മാത്രമല്ല, ടീമില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും കരുതിയതുമില്ല.'' ഡിവില്ലിയേഴ്‌സ് പറഞ്ഞു നിര്‍ത്തി.

click me!