
ഓവല്‍: ഓസീസ് ക്രിക്കറ്റിന് തലവേദനായായി വീണ്ടുമൊരു പന്തു ചുരണ്ടല്‍ ആരോപണം. ലെഗ് സ്പിന്നര്‍ ആദം സാംപയാണ് ഇത്തവണ വില്ലന്‍ സ്ഥാനത്ത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഓസ്ട്രേലിയയുടെ മത്സരത്തിലാണ് സാംപ പന്ത് ചുരണ്ടിയതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഇത് ശരിവെക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സാംപ എറിഞ്ഞ ഒരോവറില്‍ ഓരോ പന്തെറിയുന്നതിന് മുമ്പും പാന്റിന്റെ പോക്കറ്റില്‍ കൈയിടുന്നതും പന്തില്‍ എന്തോ ഉരക്കുന്നതുമായ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇതിനെക്കുറിച്ച് ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓസീസ് ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ ആരോപണത്തില്‍ ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരുവര്‍ഷം വിലക്ക് നേരിട്ടിരുന്നു. വിലക്കിന്റെ കാലാവധി കഴിഞ്ഞ് ലോകകപ്പ് ടീമിലാണ് സ്മിത്തും വാര്‍ണറും തിരിച്ചെത്തിയത്.
ഒമ്പത് മാസത്തെ വിലക്ക് നേരിട്ട ബാന്‍ക്രോഫറ്റ് ആകട്ടെ നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തിയിരുന്നു. ഇന്ത്യക്കെതിരെ തീര്‍ത്തും നിറം മങ്ങിയ സാംപ ആറോവറില്‍ 50 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.