'എതിരാളികള്‍ ഇനി പേടിക്കണം'; വീഡിയോ പങ്കുവെച്ച് ഇന്ത്യന്‍ ടീം

By Web TeamFirst Published Jun 25, 2019, 5:46 PM IST
Highlights

 പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ ഭുവി മൂന്ന് മത്സരങ്ങളില്‍ പുറത്തരിക്കേണ്ടി വരുമെന്നാണ് കോലി വ്യക്തമാക്കിയിരുന്നത്. ഇതിനിടെ സ്റ്റാന്‍ഡ് ബെെ ആയി പ്രഖ്യാപിക്കപ്പെട്ടിരുന്ന നവദീപ് സെയ്നി ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതോടെ ഭുവിയുടെ പരിക്കിനെ സംബന്ധിച്ചുള്ള അവ്യക്തതകള്‍ക്ക് ആക്കം കൂടി

ലണ്ടന്‍: ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നോട്ട് പോവുകയാണ് ഇന്ത്യന്‍ ടീം. ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക അടക്കമുള്ളവരെ പരാജയപ്പെടുത്തി കിരീടം നേടാനുള്ള കുതിപ്പിനിടയില്‍ ഇന്ത്യക്ക് തിരിച്ചടിയായത് പരിക്കുകളാണ്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായപ്പോള്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും പരിക്ക് പിടികൂടി.

പിന്നീട് താരത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ പരിക്കേറ്റ ഭുവി മൂന്ന് മത്സരങ്ങളില്‍ പുറത്തരിക്കേണ്ടി വരുമെന്നാണ് കോലി വ്യക്തമാക്കിയിരുന്നത്. ഇതിനിടെ സ്റ്റാന്‍ഡ് ബെെ ആയി പ്രഖ്യാപിക്കപ്പെട്ടിരുന്ന നവദീപ് സെയ്നി ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നതോടെ ഭുവിയുടെ പരിക്കിനെ സംബന്ധിച്ചുള്ള അവ്യക്തതകള്‍ക്ക് ആക്കം കൂടി.

എന്നാല്‍, താരം പരിക്കില്‍ നിന്ന് അതിവേഗം മോചിതനാവുകയാണെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഫേസ്ബുക്കില്‍ ഇന്ന് ഇന്ത്യന്‍ ടീം പങ്കുവെച്ച വീഡിയോയില്‍ നെറ്റ്സില്‍ പന്തെറിയുന്ന ഭുവിയെ കാണാം.  ആരാണ് നെറ്റ്സില്‍ പന്തെറിയുന്നതെന്ന് നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡ‍ിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇത് എതിരാളികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും ഭുവിയുടെ സ്വിംഗ് ബൗളിംഗ് നേരിടാന്‍ ഒരുങ്ങിക്കോളൂ എന്നും ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിന് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം. 

 

click me!