നിര്‍ണായകമാകുക ഓള്‍റൗണ്ടര്‍മാര്‍; ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് ക്ലൈവ് ലോയ്‌ഡ്

By Web TeamFirst Published May 19, 2019, 9:37 AM IST
Highlights

ഇത് ബാറ്റ്സ്‌മാന്‍മാരുടെയും ബൗളര്‍മാരുടെയും ലോകകപ്പല്ലെന്ന് മുന്‍ വിന്‍ഡീസ് ലോകകപ്പ് ജേതാവ്. ഒരു കാര്യത്തില്‍ എല്ലാ ടീമും ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നതായും ഇതിഹാസ താരം. 
 

ലണ്ടന്‍: ലോകകപ്പ് പ്രവചനങ്ങള്‍ പൊടിപൊടിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും ലോകകപ്പ് ജേതാവുമായ ക്ലൈവ് ലോയ്‌ഡും പ്രവചനങ്ങളില്‍ പങ്കുചേരുന്നു. ആതിഥേയരായ ഇംഗ്ലണ്ടിനാണ് ലോയ്‌ഡിന്‍റെ പിന്തുണ. സന്തുലിതമായ ടീമാണ് എന്നതാണ് ഇംഗ്ലണ്ടിന് സാധ്യതകള്‍ നല്‍കാന്‍ ലോയ്‌ഡിനെ പ്രേരിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ് 1975ലും 1979ലും ലോകകപ്പ് ഉയര്‍ത്തുമ്പോള്‍ നായകനായിരുന്നു ലോയ്‌ഡ്.

ഓള്‍റൗണ്ടര്‍മാരാകും ലോകകപ്പിന്‍റെ ഗതി നിര്‍ണയിക്കുക എന്നും ലോയ്‌ഡ് പറയുന്നു. അഫ്‌ഗാന്‍ മുതല്‍ ഇംഗ്ലണ്ട് വരെ, അല്ലെങ്കില്‍ ഇന്ത്യ മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വരെ, എല്ലാം ടീമുകളും ലോകോത്തര ഓള്‍റൗണ്ടര്‍മാരാല്‍ സമ്പന്നമാണ്. അതുകൊണ്ടാണ് താന്‍ പറയുന്നത് ഇത് ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പാണ് എന്ന്- ഐസിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിഹാസ നായകന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അവസാന ഏകദിനം കളിച്ച ആന്ദ്രേ റസലിനെ വിന്‍ഡീസ് തിരിച്ചുവിളിച്ചത് ലോയ്‌ഡിന്‍റെ വാദങ്ങള്‍ ശരിവെക്കുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കായി മിന്നിത്തിളങ്ങിയതാണ് റസലിന് തുണയായത്.14 മത്സരങ്ങളില്‍ 56.66 ശരാശരിയിലും 204.18 സ്‌ട്രൈക്ക് റേറ്റിലും 510 റണ്‍സാണ് റസല്‍ അടിച്ചുകൂട്ടിയത്. ഐപിഎല്‍ 12-ാം സീസണിലെ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റാണിത്. 11 വിക്കറ്റുകള്‍ നേടാനും വിന്‍ഡീസ് ഓള്‍റൗണ്ടര്‍ക്കായി. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

click me!