
ലോഡ്‌സ്: ലോകകപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ മുൻതൂക്കം ഓസീസിനുണ്ട്. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഫോമാണ് ഓസീസിന്റെ കരുത്ത്. വൈകിട്ട് മൂന്നുമുതൽ ലോഡ്‌സിലാണ് മത്സരം.
അതേസമയം സ്മിത്തിനെയും വാര്‍ണറിനെയും കൂകിവിളിക്കുന്ന ഇംഗ്ലീഷ് കാണികളെ തടയില്ലെന്ന് ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആരാധകരുടെ മനസ് മാറ്റാന്‍ ശ്രമിക്കണ്ട കാര്യമില്ലെന്ന് ഇംഗ്ലീഷ് നായകന്‍ പറഞ്ഞു. സ്റ്റീവ് സ്മിത്തിനെ അധിക്ഷേപിച്ച ഇന്ത്യന്‍ ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ട വിരാട് കോഹ്ലിയുടെ നടപടി പിന്തുടരേണ്ട ഒന്നല്ലെന്നാണ് ഇംഗ്ലീഷ് നായകന്‍റെ പക്ഷം.