ചരിത്രമെഴുതി ഷാക്കിബ്; യുവിയുടെ തകര്‍പ്പന്‍ റെക്കോര്‍ഡിനൊപ്പം!

By Web TeamFirst Published Jun 25, 2019, 8:46 AM IST
Highlights

ലോകത്തിലെ ഒന്നാം നമ്പർ ഓൾറൗണ്ടർക്കൊത്ത പ്രകടനം. അഫ്‌ഗാനെതിരെ ചരിത്ര നേട്ടങ്ങളുമായി ഷാക്കിബ് അല്‍ ഹസന്‍. 

സതാംപ്‌ടണ്‍: ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ പ്രകടനവുമായി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് മികച്ച നേട്ടം. ബംഗ്ലാദേശിനായി ലോകകപ്പുകളിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി ഷാക്കിബ് മാറി. ലോകകപ്പില്‍ ആയിരം ക്ലബിലെത്തുന്ന പത്തൊൻപതാമനാണ് ഷാക്കിബ്.

ലോകകപ്പിൽ ഒരു മത്സരത്തിൽ തന്നെ 50 റൺസിലധികവും അഞ്ച് വിക്കറ്റും നേടുന്ന രണ്ടാമനെന്ന നേട്ടത്തിലുമെത്തി ഷാക്കിബ്. ഇന്ത്യയുടെ യുവരാജ് സിംഗാണ് നേരത്തെ നേട്ടത്തിലെത്തിയ താരം. അഫ്‌ഗാനെതിരെ 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഷാക്കിബ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. ഏകദിനത്തില്‍ ഷാക്കിബിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ലോകകപ്പില്‍ ഒരു ബംഗ്ലാ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതാണ്. 

ഈ ലോകകപ്പിൽ കളത്തിലിറങ്ങിയ ആറു മത്സരങ്ങളിൽ അഞ്ചാം തവണയാണ് ഷാക്കിബ് 50 മുകളിൽ സ്കോർ ചെയ്യുന്നത്. ഓസ്‌ട്രേലിയക്കെതിരെ 41 റൺസിന് പുറത്തായതാണ് ചെറിയ സ്കോർ. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ടീമുകൾക്ക് എതിരെ സെഞ്ചുറിയുമുണ്ട്. അഫ്‌ഗാനെതിരെ 51 റണ്‍സുമായി ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ മുന്നിലെത്താനും താരത്തിനായി. 476 റണ്‍സാണ് ഷാക്കിബിനുള്ളത്. 11 വിക്കറ്റുകള്‍ ഇതുവരെ ഈ ഓള്‍റൗണ്ടര്‍ക്ക് വീഴ്‌ത്താനായി.

click me!