ലോകകപ്പ് നായകനായി കോലിയുടെ അരങ്ങേറ്റം; വിജയം തന്നെ ലക്ഷ്യം

By Web TeamFirst Published Jun 5, 2019, 10:57 AM IST
Highlights

ഏകദിനത്തിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനായ കോലിക്ക് ഇതിഹാസ താരത്തിലേക്കുള്ള യാത്രയിൽ ലോകകപ്പ് വിജയം നിർണായകമാവും. ടീം ഇന്ത്യയിലെ താരങ്ങളിൽ താരമാണ് കോലി. ബാറ്റ്സ്മാൻ എന്ന നിലയിൽ റെക്കോർഡുകളെ
വേട്ടയാടുന്ന പോരാളി

സതാപ്ടണ്‍: ലോകകപ്പ് നായകനായി വിരാട് കോലിക്ക് ഇന്ന് അരങ്ങേറ്റം. ധോണിക്ക് ശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത കോലിയുടെ ആദ്യത്തെ വലിയ ടൂർണമെന്‍റാണിത്. ഏകദിനത്തിലെ ഒന്നാം നമ്പർ ബാറ്റ്സ്മാനായ കോലിക്ക് ഇതിഹാസ താരത്തിലേക്കുള്ള യാത്രയിൽ ലോകകപ്പ് വിജയം നിർണായകമാവും. 

ടീം ഇന്ത്യയിലെ താരങ്ങളിൽ താരമാണ് കോലി. ബാറ്റ്സ്മാൻ എന്ന നിലയിൽ റെക്കോർഡുകളെ വേട്ടയാടുന്ന പോരാളി. എന്നാല്‍ ഏകദിനത്തിലെ വിജയ ശതമാനത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിക്ക് താഴെ രണ്ടാമനാണ് കോലി. പക്ഷെ ഡുപ്ലസി നയിച്ചതിനെക്കാൾ കൂടുതൽ മത്സരങ്ങളിൽ കോലി ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ഏകദിനത്തിനും ടെസ്റ്റിലും ഒന്നാം നമ്പര്‍ ടീമാക്കിയിട്ടുമുണ്ട്. സീനിയർ ടീം ക്യാപ്റ്റനായ ശേഷം ആദ്യമായാണ് കോലി വലിയ ടൂർണമെന്‍റിൽ കളിക്കാനെത്തുന്നത്. പരിക്കായതിനാൽ കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിൽ രോഹിത് ആയിരുന്നു ക്യാപ്റ്റൻ. അന്ന് ഫൈനലിൽ കിരീടം വിട്ട ഇന്ത്യയല്ല ലോകകപ്പിനെത്തുന്നതെന്ന് കോലി പറയുന്നു.

ഒന്നാം നമ്പര്‍ ബൗളര്‍ ബുമ്രയുണ്ട്. രണ്ടാം നമ്പര്‍ ബാറ്റ്സ്മാൻ രോഹിത്ത് ഉണ്ട്. മികച്ച ഓൾറൗണ്ടർമാർ. വിഭവങ്ങളേറെയുള്ള ടീമിൽ നിന്ന് കിരീടത്തിൽ കുറഞ്ഞതൊന്നും കോലി പ്രതീക്ഷിക്കുന്നില്ല. നാട്ടിൽ ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര നഷ്ടവും ഐപിഎല്ലിലെ ആർസിബിയുടെ മോശം പ്രകടനവുമെല്ലാം കോലിയുടെ രക്തം കൊതിക്കുന്നവർ പാടി നടക്കുന്നുണ്ട്.

കണക്ക് തീർക്കാനൊരുങ്ങുമ്പോള്‍ മൈതാനത്ത് കോലി ഒറ്റയ്ക്കാവില്ല. ലോകത്തിന്‍റെ നെറുകയിൽ ഇന്ത്യയെ എത്തിച്ച ധോണിയും കൂടെയുണ്ട്. അണ്ടർ 19 കിരീടം ഉയർത്തിയ കൈകളിൽ ഒരിക്കൽ കൂടെ വിശ്വകിരീടം ഉയരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

click me!