Latest Videos

ചില്ലറ കളിയായിരുന്നില്ല ഇന്ത്യയുടേത്; ജയത്തിലേക്ക് നയിച്ചത് ഈ കാരണങ്ങള്‍

By Web TeamFirst Published Jun 28, 2019, 9:02 AM IST
Highlights

ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയെ ജയിപ്പിച്ച കാരണങ്ങള്‍ നോക്കാം. 

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബൗളിംഗ് കരുത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടുകയായിരുന്നു ഇന്ത്യന്‍ ടീം. ഷമി നാല് വിക്കറ്റുമായി തിളങ്ങിയ മത്സരത്തില്‍ 125 റണ്‍സിനാണ് ഇന്ത്യ ജയം. ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇന്ത്യയെ ജയിപ്പിച്ച കാരണങ്ങള്‍ നോക്കാം. 

1. തയ്യാറെടുപ്പിലും വ്യക്തിഗതമികവിലും പരിചയസമ്പത്തിലും ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള അന്തരം. ഇന്ത്യ ഒന്നാം നമ്പര്‍ ടീമും വിന്‍ഡീസ് ഒന്‍പതാം റാങ്കുകാരുമെന്നത് കളിക്കളത്തിലും പ്രതിഫലിച്ചു.

2. ആദ്യം ബാറ്റ് ചെയ്യാന്‍ രണ്ട് നായകന്മാരും ആഗ്രഹിച്ച പിച്ചിൽ ടോസ് ഇന്ത്യക്കൊപ്പം നിന്നു. ഇന്നിംഗ്സ് പുരോഗമിക്കും തോറും റൺസ് കണ്ടെത്തുന്നത് ദുഷ്കരമായി.

3. വിരാട് കോലിയുടെ ഇന്നിംഗ്സ്. അഫ്ഗാനെതിരായ മത്സരത്തിലേതുപോലെ മറ്റു ബാറ്റ്സ്മാന്മാരെ അപേക്ഷിച്ച് വേറെ ലെവലിലായിരുന്നു ഇന്ത്യന്‍ നായകന്‍.

4. എട്ടിൽ നില്‍ക്കെ ധോണിക്ക് ലഭിച്ച ലൈഫ്. രണ്ട് വട്ടം പുറത്താക്കാന്‍ അവസരം കിട്ടിയിട്ടും വിന്‍ഡീസ് കീപ്പര്‍ക്ക് പിഴച്ചു. പിച്ചിന്‍റെ സ്വഭാവത്തിന് അനുസരിച്ച് ഇന്നിംഗ്സിന്‍റെ വേഗം നിയന്ത്രിച്ച ധോണിയുടെ അര്‍ധസെഞ്ച്വറി പ്രതീക്ഷിച്ചതിലും ഇരുപതോളം റൺസ് ഇന്ത്യന്‍ അക്കൗണ്ടിലെത്തിച്ചു.

5. പവര്‍പ്ലേയിലെ വിന്‍ഡീസ് തകര്‍ച്ച. ആദ്യ 10 ഓവറില്‍ വെറും 29 റൺസ് മാത്രം സ്കോര്‍ ചെയ്തപ്പോഴേ വിന്‍ഡീസ് തോൽവി ഉറപ്പിച്ചു. ഷമിയുടെ ബൗളിംഗ് ആക്രമണം കൂടിയായപ്പോള്‍ ഇന്ത്യക്ക് അനായാസ ജയം. 

ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിന്‍ഡീസിനെതിരെ 125 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 268 റണ്‍സെടുത്തു. നായകന്‍ വിരാട് കോലിയുടെയും എം എസ് ധോണിയുടെയും അര്‍ദ്ധ സെഞ്ചുറികളും ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കോലി 82 പന്തില്‍ 72 റണ്‍സും ധോണി 61 പന്തില്‍ 56 റണ്‍സും പാണ്ഡ്യ 38 പന്തില്‍ 46 റണ്‍സുമെടുത്തു. റോച്ച് മൂന്നും കോട്‌റെലും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ ഇന്ത്യയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ വിന്‍ഡീസിന്‍റെ പോരാട്ടം 34.2 ഓവറില്‍ 143 റണ്‍സിലൊതുങ്ങി. വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍ 31 റണ്‍സെടുത്ത സുനില്‍ ആംബ്രിസ് ആണ്. ഗെയ്‌ല്‍(6), ഹോപ്(5), ഹെറ്റ്‌മയര്‍(18), ഹോള്‍ഡര്‍(6), ബ്രാത്ത്‌വെയ്റ്റ്(1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. റോച്ച് 14 റണ്‍സുമായി പുറത്താകാതെ നിന്നു. ഷമി നാലും ബുമ്രയും ചാഹലും രണ്ട് വിക്കറ്റ് വീതവും പാണ്ഡ്യയും കുല്‍ദീപും ഓരോ വിക്കറ്റും വീഴ്‌ത്തി.  

click me!