ഇല്ല, ഇല്ല, ഇന്ത്യ അങ്ങനെ ചെയ്തുവെന്ന് ഞങ്ങള്‍ കരുതുന്നില്ല: പാക് നായകന്‍ സര്‍ഫറാസ് അഹമ്മദ്

By Web TeamFirst Published Jul 7, 2019, 9:40 PM IST
Highlights

ഇല്ല, ഇല്ല, അങ്ങനെ പറയുന്നത് ശരിയല്ല, ഞങ്ങളെ വഴി മുടക്കാനല്ല ഇന്ത്യ തോറ്റത്. ജയിക്കാനുള്ള ആഗ്രഹത്തില്‍ ഇംഗ്ലണ്ട് നന്നായി കളിച്ചതുകൊണ്ടു മാത്രമാണ്-സര്‍ഫറാസ് പറഞ്ഞു

കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പുറത്താക്കാനായി ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റുകൊടുത്തുവെന്ന് താന്‍ കരുതുന്നില്ലെന്ന് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദ്. പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ ഇല്ലാതാക്കാന്‍ ഇന്ത്യ മന:പൂര്‍വം ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നുവെന്ന് മുന്‍ പാക് താരങ്ങളടക്കം ആരോപണവുമായി രംഗത്തെത്തിയിരുന്നു. കറാച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് സര്‍ഫറാസിന്റെ പ്രതികരണം.

ഇല്ല, ഇല്ല, അങ്ങനെ പറയുന്നത് ശരിയല്ല, ഞങ്ങളുടെ വഴി മുടക്കാനല്ല ഇന്ത്യ തോറ്റത്. ജയിക്കാനുള്ള ആഗ്രഹത്തില്‍ ഇംഗ്ലണ്ട് നന്നായി കളിച്ചതുകൊണ്ടു മാത്രമാണ് -സര്‍ഫറാസ് പറഞ്ഞു. വാര്‍ത്തസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തക ബംഗ്ലാദേശിനെതിരായ മത്സരത്തെക്കുറിച്ച് പരമാര്‍ശിച്ചപ്പോള്‍ ബംഗാളീസ് എന്ന വാക്ക് ഉപയോഗിച്ചതിനെ സര്‍ഫറാസ് വിലക്കി.

ആ വാക്ക് ദയവു ചെയ്ത് ഉപയോഗിക്കരുത്. അതു സമൂഹമാധ്യമങ്ങളിലും മറ്റും നിങ്ങള്‍ക്കു പ്രശ്നങ്ങളുണ്ടാക്കും. അവരെ ബംഗ്ലദേശ് എന്നുതന്നെ അഭിസംബോധന ചെയ്യാമല്ലോ. നിങ്ങള്‍ ഉപയോഗിക്കുന്ന ആ വാക്ക് പ്രശ്നമാണ്,’അങ്ങനെ പറയരുത്. ബംഗാളികള്‍ക്കെതിരെ  ഷൊയൈബ് മാലിക്കിന്  എന്തുകൊണ്ട് വിടവാങ്ങല്‍ മത്സരം കളിക്കാന്‍ അവസരം നല്‍കിയില്ല എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.  

ലോകകപ്പിലെ മോശം പ്രകടനത്തിന് ആരാധകരോട് മാപ്പു പറയേണ്ട കാര്യമില്ലെന്നും കാരണം പാക്കിസ്ഥാന്‍ അത്ര മോശം പ്രകടനമാണ് നടത്തിയതെന്ന് കരുതുന്നില്ലെന്നും സര്‍ഫറാസ് പറഞ്ഞു. നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിന് പിന്നിലായിപ്പോയതാണ് പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ അടച്ചത്.

click me!