ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്ന് സൂചന

Published : Jul 03, 2019, 03:15 PM ISTUpdated : Jul 03, 2019, 03:35 PM IST
ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്ന് സൂചന

Synopsis

ഇന്ത്യന്‍ ടീം മാനേജ്മെന്റ് രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമാണ് ബിസിസിഐ ഉന്നതരെ ഉദ്ധരിച്ച് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണി ഇംഗ്ലണ്ട് ലോകകപ്പിനു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ ടീം മാനേജ്മെന്റ് രഹസ്യമായി സൂക്ഷിച്ചിരുന്ന കാര്യമാണ് ബിസിസിഐ ഉന്നതരെ ഉദ്ധരിച്ച് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരം ധോണിയുടെ കരിയറിലെയും അവസാന മത്സരമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ധോണി എന്താണ് ചിന്തിക്കുന്നത് എന്ന് അറിയില്ലെങ്കിലും ലോകകപ്പിനുശേഷം അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ തുടരാന്‍ ഇടയില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന്  വിരമിക്കാനുള്ള തീരുമാനവും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനവും ധോണി ഇത്തരത്തില്‍ പൊടുന്നനെ എടുത്തവയായിരുന്നു എന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ഇന്ത്യ ലോകകപ്പ് സെമി ഫൈനലിന് യോഗ്യത നേടിയെങ്കിലും ഫൈനലില്‍ എത്തുന്നതുവരെ ഇക്കാര്യം പുറത്തുവിടരുതെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാടെന്നാണ് സൂചന. ഈ ലോകകപ്പില്‍ ഇതുവരെ ഏഴ് കളികളില്‍ നിന്ന് 223 റണ്‍സ് നേടിയെങ്കിലും ധോണിയുടെ മെല്ലെപ്പോക്കിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ധോണിയുടെ ബാറ്റിംഗ് സമീപനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

ഇന്ത്യക്കായി 348 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണി 50.58 റണ്‍സ് ശരാശരിയില്‍ 10723 റണ്‍സ് നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 72 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 98 ടി20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. രണ്ട് അര്‍ധസെഞ്ചുറികളാണ് ടി20യില്‍ ധോണിയുടെ പേരിലുള്ളത്.

PREV
click me!

Recommended Stories

കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചു; 10 ഇന്ത്യക്കാരെ നാടുകടത്തി സിംഗപ്പൂര്‍
'അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത്?'; ബിജെപി എംപിമാരെ വിമര്‍ശിച്ച് മനിഷ് സിസോദിയ