
ഓവല്‍: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്ന് റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ധവാന്‍ കളിക്കില്ലെന്ന് മാത്രമാണ് ടീമിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്. പാക്കിസ്ഥാനെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തിലും ധവാന്‍ കളിക്കാനിടയില്ല.
ഇതിനുശേഷം 22ന് അഫ്ഗാനെതിരെ ആണ് ഇന്ത്യയ്ക്ക് മത്സരമുള്ളത്. ഇതിനിടയില്‍ 11 ദിവസത്തെ ഇടവേള ലഭിക്കുമെന്നതിനാല്‍ ഇതിനുശേഷം മാത്രം ധവാന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാടെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച നോട്ടിംഗ്ഹാമില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം. ധവാന്റെ പകരക്കാരനെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ടീം മാനേജ്മെന്റും ബിസിസിഐയും ഇപ്പോഴും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.
വിരലില്‍ പൊട്ടലുള്ള ധവാന് ഡോക്ടര്‍മാര്‍ മൂന്നാഴ്ച വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധവാനും ടീം ഫിസിയോ പാട്രിക്ക് ഫര്‍ഹത്തും ഡോക്ടര്‍മാരുടെ വിദഗ്ദോപദേശത്തിനായി ലീഡ്സിലാണ് ഇപ്പോഴുള്ളത്. ധവാന്റെ അഭാവത്തില്‍ അടുത്ത രണ്ട് മത്സരങ്ങളില്‍ കെ എല്‍ രാഹുലിനെ ഓപ്പണറാക്കി ദിനേശ് കാര്‍ത്തിക്കിനെയോ വിജയ് ശങ്കറെയോ നാലാം നമ്പറില്‍ പരീക്ഷിക്കാനാവും ടീം മാനേജ്മെന്റിന്റെ ശ്രമിക്കുക.