
ലണ്ടന്‍: ഇംഗ്ലണ്ടിലെ കായികപ്രേമികള്‍ ഇന്നലെ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റോജര്‍ പെഡററും നൊവാക് ജോക്കോവിച്ചും വിംബിള്‍ഡണ്‍ കിരീടത്തിനായി പൊരിഞ്ഞ പോരാട്ടം നടത്തുമ്പോള്‍ ലോര്‍ഡ്സില്‍ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം.
എവിടെ ശ്രദ്ധിക്കണമെന്ന് അറിയാതെ ആരാധകരില്‍ പലരും മൊബൈല്‍ ഫോണില്‍ വിംബിള്‍ഡണ്‍ ലൈവ് സ്ട്രീമിംഗും കണ്ടാണ് ലോകകപ്പ് ഫൈനല്‍ ആസ്വദിച്ചത്. ഇതിനിടെ വിംബിള്‍ഡണ്‍ അധികൃതരിട്ട ഒരു ട്വീറ്റ് രസകരമായിരുന്നു. എങ്ങനെയാണ് അവിടുത്തെ കാര്യങ്ങള്‍ എന്ന് ചോദിച്ച് വിംബിള്‍ഡണ്‍ അധികൃതരിട്ട ട്വീറ്റിന് ഉടന്‍ ഐസിസിയുടെ മറുപടിയെത്തി.
അല്‍പം തിരക്കിലാണ്, ഇപ്പോ തിരിച്ചു വരാം എന്ന് പറഞ്ഞ് മറുപടിയൊതുക്കിയ ഐസിസി പിന്നീട് ലണ്ടനിലെ കായികപ്രേമികള്‍ക്ക് ഇതിലും വലിയൊരു ദിവസം ലഭിക്കാനില്ലെന്നും നാളെ ഇവരോട് എന്തു ചെയ്യാന്‍ പറയുമെന്നും ചോദിച്ചു. വിംബിള്‍ഡണ്‍ ഫൈനല്‍ അവസാന സെറ്റില്‍ ഫെഡററും ജോക്കോവിച്ചും പരസ്പരം വിട്ടുകൊടുക്കാതെ പോരാടുമ്പോഴായിരുന്നു ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് മത്സരം ടൈ ആവുകയും പിന്നീട് സൂപ്പര്‍ ഓവറിലേക്ക് കടക്കുകയും ചെയ്തത്.