
ബര്‍മിംഗ്‌ഹാം: ഹിറ്റ്‌മാന്‍ എന്ന വിശേഷണം അറിഞ്ഞിട്ടതാണെന്ന് തെളിയിക്കുകയാണ് ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ബംഗ്ലാദേശിനെതിരെയും തകര്‍പ്പന്‍ സെഞ്ചുറി നേടി കരുത്തുകാട്ടി ആരാധകരുടെ ഹിറ്റ്‌മാന്‍. ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയുമായി മിന്നും ഫോം തുടരുന്ന രോഹിതിനെ അഭിനന്ദിച്ച് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
ബംഗ്ലാദേശിനെതിരെ രോഹിത് 90 പന്തില്‍ അഞ്ച് സിക്‌സുകളടക്കം സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹിറ്റ്‌മാന്‍റെ 26-ാം ശതകവും ലോകകപ്പ് കരിയറിലെ അഞ്ചാം സെഞ്ചുറിയുമാണിത്. എന്നാല്‍ 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിതിനെ 30-ാം ഓവറിലെ രണ്ടാം പന്തില്‍ സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
രോഹിതിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 314 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 104 റണ്‍സും കെ എല്‍ രാഹുല്‍ 77 റണ്‍സും നേടി. വിരാട് കോലി(26), ഋഷഭ് പന്ത്(48), ഹാര്‍ദിക് പാണ്ഡ്യ(0), എം എസ് ധോണി(35), ദിനേശ് കാര്‍ത്തിക്(8), ഭുവനേശ്വര്‍ കുമാര്‍(2), മുഹമ്മദ് ഷമി(1) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ബംഗ്ലാദേശിനായി മുസ്‌താഫിസുര്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി.