സസ്‌പെന്‍ഷന്‍ വക്കില്‍ വില്യംസണ്‍; ന്യൂസിലൻഡ് ടീം ആശങ്കയില്‍

By Web TeamFirst Published Jun 25, 2019, 11:52 AM IST
Highlights

കെയ്ൻ വില്യംസണ് സസ്‌പെന്‍ഷന്‍ ലഭിക്കുന്നത് കിവീസിന് ചിന്തിക്കാനാവില്ല. കാരണം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് താരം.
 

ലണ്ടന്‍: ലോകകപ്പില്‍ സസ്‌പെന്‍ഷന്‍റെ വക്കിലാണ് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണ്‍. ഒരു മത്സരത്തില്‍ കൂടി കുറഞ്ഞ ഓവര്‍ നിരക്ക് ഉണ്ടായാല്‍ വില്യംസണ്‍ പുറത്തിരിക്കേണ്ടി വരും.

ന്യൂസിലൻഡ്- വെസ്റ്റ്ഇൻഡീസ് മത്സരം നിശ്ചിത സമയവും കഴിഞ്ഞാണ് അവസാനിച്ചത്. ഈ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ നായകൻ കെയ്ൻ വില്യംസണ് മാച്ച് ഫീയുടെ 20 ശതമാനം പിഴ വിധിച്ചിരുന്നു. മറ്റ് കിവീസ് കളിക്കാര്‍ക്ക് 10 ശതമാനവും. ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ കുറഞ്ഞ ഓവര്‍ നിരക്ക് ഉണ്ടായാല്‍ തൊട്ടടുത്ത കളിയില്‍ ക്യാപ്റ്റന് പുറത്തിരിക്കേണ്ടിവരുമെന്നാണ് ഐസിസി ചട്ടം. ഇതാണ് ന്യൂസിലൻഡിനെ ഭീതിയിലാക്കുന്നത്. 

സെമിഫൈനല്‍ ഉറപ്പിച്ച കിവീസിന് ഈ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഓവര്‍ നിരക്ക് കുറഞ്ഞാല്‍ കെയ്ൻ വില്യംസണ് സെമിയില്‍ കളിക്കാനാകില്ല. സെമിയിലാണ് കുറഞ്ഞ ഓവര്‍ നിരക്കെങ്കില്‍ ഫൈനലിലും. ഇപ്പോഴത്തെ സാഹചര്യത്തില്‍ കിവീസിനിത് ചിന്തിക്കാൻ പോലുമാകില്ല. കാരണം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കെയ്ൻ വില്യംസണ്‍. അഞ്ച് കളികളില്‍നിന്ന് 373 റണ്‍സ് നേടിക്കഴിഞ്ഞു. ആദ്യ പതിനഞ്ചില്‍ പോലും മറ്റൊരു കിവീസ് ബാറ്റ്സ്മാനില്ലതാനും

click me!