ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലീഷ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ഗാവസ്‌കര്‍

By Web TeamFirst Published Jul 11, 2019, 4:00 PM IST
Highlights

ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അനാസ്ഥ മത്സരത്തിന്‍റെ ഗതിമാറ്റിയെന്ന് ഗാവസ്‌കറുടെ രൂക്ഷ വിമര്‍ശനം. 

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ടീമിന്‍റെ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. മഴ കളിച്ച ഇന്ത്യ- ന്യൂസിലന്‍ഡ് സെമിയില്‍ ഗ്രൗണ്ട് വേണ്ടവിധത്തില്‍ മൂടാന്‍ സംഘാടകര്‍ തയ്യാറായില്ല എന്നാണ് ഗാവസ്‌കറുടെ വിമര്‍ശനം. 

'മാഞ്ചസ്റ്ററില്‍ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെ ഗ്രൗണ്ടിലെ കവറുകള്‍ നീക്കംചെയ്തു. കവറുകളിലെ വെള്ളം മൈതാനത്ത് വീഴുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. വെള്ളം നീക്കം ചെയ്തെങ്കിലും ഈര്‍പ്പംമൂലം പെട്ടെന്ന് മത്സരം വീണ്ടും ആരംഭിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായിരുന്നു. മഴ പെയ്‌തതോടെ വീണ്ടും വെള്ളക്കെട്ടുണ്ടായി. ഗ്രൗണ്ട് പൂര്‍ണമായും മൂടിയിരുന്നെങ്കില്‍ കിവീസ് ഇന്നിംഗ്‌സ് ആദ്യ ദിനം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇരു ടീമുകള്‍ക്കും റിസര്‍വ് ദിനം മൈതാനത്തെത്തി മത്സരതാളം വീണ്ടെടുക്കേണ്ടിവന്നതായും ഗാവസ്‌കര്‍ വ്യക്തമാക്കി. 

മഴ കളിച്ചതോടെ ഇന്ത്യ- ന്യൂസിലന്‍ഡ് സെമി റിസര്‍വ് ദിനത്തിലേക്ക് നീങ്ങുകയായിരുന്നു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യ പൊരുതി വീണു. ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയുടെ മികവ് പാഴായി. 

click me!