ലോകകപ്പിലെ സ്റ്റാര്‍ നായകന്‍മാരെ തെരഞ്ഞെടുത്ത് അലന്‍ ബോര്‍ഡര്‍; കോലി പട്ടികയില്‍

By Web TeamFirst Published May 25, 2019, 11:51 AM IST
Highlights

ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഇംഗ്ലണ്ടിന്‍റെ ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് കോലിക്കൊപ്പം ബോര്‍ഡറിന്‍റെ പട്ടികയില്‍ ഇടംപിടിച്ചത്. 
 

ലണ്ടന്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട് ലോകകപ്പിലെ സ്റ്റാര്‍ ക്യാപ്റ്റന്‍മാരെ തെരഞ്ഞെടുത്ത് ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഇംഗ്ലണ്ടിന്‍റെ ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് കോലിക്കൊപ്പം ബോര്‍ഡറിന്‍റെ പട്ടികയില്‍ ഇടംപിടിച്ചത്. 

എന്നാല്‍ മികവിന്‍റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച നായകന്‍ ആരെന്ന് പറയാന്‍ അലന്‍ ബോര്‍ഡര്‍ തയ്യാറായില്ല. വിരാട് കോലി വൈറിട്ട ശൈലിയുള്ള നായകനാണ്. കൈകളില്‍ ഹ‍ൃദയം സൂക്ഷിക്കുന്ന താരം എന്നുമാണ് കോലിക്ക് ബോര്‍ഡര്‍ നല്‍കുന്ന വിശേഷണം. 1983നും 2011നും ശേഷം മൂന്നാം ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിക്കുകയാണ് ഇംഗ്ലണ്ടില്‍ കോലിയുടെ ചുമതല. നിലവില്‍ ഏകദിന രണ്ടാം റാങ്കുകാരാണ് ഇന്ത്യ.

 

ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. അവരുടെ വേറിട്ട ഗെയിം പ്ലാന്‍ ലോകകപ്പില്‍ ഫലം കാണുമോ എന്ന ആകാംക്ഷയുണ്ട്. ഏത് ബൗളിംഗ് സംഘങ്ങളെ സമ്മര്‍ദത്തിലാക്കാനുള്ള കഴിവ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയ്‌ക്കുണ്ട്. മോര്‍ഗന്‍ മികച്ച ഏകദിന താരമാണ്, മികച്ച നായകനാണ്, അയാളുടെ തന്ത്രങ്ങള്‍ വളരെ മികച്ചതുമാണ്. എതിര്‍ ടീമുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇംഗ്ലണ്ടിന്‍റെ ഗെയിം പ്ലാനെന്നും ബോര്‍ഡര്‍ പറഞ്ഞു. 

ഫിഞ്ചിന്‍റെ നായകത്വത്തില്‍ മുന്‍ ഓസീസ് നായകന്‍ സംതൃപ്‌തനാണ്. ആരോണ്‍ ഫിഞ്ച് നായകനായി മികച്ച പ്രകടനം കാഴ്‌ചവെക്കുന്നു. ടീമിനെ കുറിച്ച് നല്ല ബോധ്യം അയാള്‍ക്കുണ്ടെന്നും ബോര്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയെ 1987ല്‍ ആദ്യമായി ലോകകപ്പ് ജേതാക്കളാക്കിയ നായകനാണ് അലന്‍ ബോര്‍ഡര്‍. അറുപത്തിമൂന്നുകാരനായ മുന്‍ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍ 178 ഏകദിനങ്ങളില്‍ ഓസ്‌ട്രേലിയയെ നയിച്ചിട്ടുണ്ട്.  

click me!