2008ല്‍ കോലിയും വില്യംസണും ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയപ്പോള്‍ സംഭവിച്ചത്

By Web TeamFirst Published Jul 7, 2019, 4:52 PM IST
Highlights

ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിരാട് കോലിക്കും കെയ്ന്‍ വില്യംസണും പഴയ ഓര്‍മ കൂടിയുണ്ട് പങ്കുവെയ്ക്കാന്‍. 2008 അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസിലന്‍ഡുമായിരുന്നു

ലീഡ്‍സ്: ലോകകപ്പില്‍ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അവസാന നാലില്‍ എത്തിയവരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നലെ അവസാന ലീഗ് മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. ലോകകപ്പിന്‍റെ ആദ്യ പകുതിയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്ത ശേഷം തകര്‍ന്ന ന്യൂസിലന്‍ഡ് നാലാം സ്ഥാനക്കാരായാണ് കിവീസ് സെമിയില്‍ എത്തിയത്.

ഇപ്പോള്‍ ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിരാട് കോലിക്കും കെയ്ന്‍ വില്യംസണും പഴയ ഓര്‍മ കൂടിയുണ്ട് പങ്കുവെയ്ക്കാന്‍. 2008 അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസിലന്‍ഡുമായിരുന്നു. അന്ന് വിരാട് കോലി ഇന്ത്യന്‍ നായകന്‍ ആണെങ്കില്‍ കെയ്ന്‍ വില്യംസണ്‍ കിവീസിന്‍റെ കപ്പിത്താനായിരുന്നു.

കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 205 റണ്‍സ്. മറുപടി ബാറ്റിംഗില്‍ മഴനിയമ പ്രകാരം മൂന്ന് വിക്കറ്റിന്‍റെ വിജയം ഇന്ത്യ നേടി. അന്ന് മാന്‍ ഓഫ് ദി മാച്ച് ആയത് വിരാട് കോലി ആയിരുന്നു. കൗതുകകരമായ കാര്യം കെയ്ന്‍ വില്യംസന്‍റെ വിക്കറ്റ് നേടിയത് വിരാട് കോലിയായിരുന്നു. കൂടാതെ 43 റണ്‍സ് നേടിയും കോലി താരമായി. കോലിയുടെ ക്യാച്ച് എടുത്തത് വില്യംസണ്‍ ആയിരുന്നുള്ളത് മറ്റൊരു യാദൃച്ഛികത. 

click me!