ഒതുക്കാന്‍ ആര്‍ക്ക് സാധിക്കും? അപൂര്‍വ്വ റെക്കോര്‍ഡുമായി ഫിഞ്ചും വാര്‍ണറും

By Web TeamFirst Published Jun 25, 2019, 7:15 PM IST
Highlights

ഒരു വര്‍ഷത്തെ ഇടവേള തെല്ലും ബാധിക്കാതെ വാര്‍ണറും ഒപ്പം നായകന്‍ ഫിഞ്ചും ഓപ്പണിംഗ് വിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെ പിറന്നത് അപൂര്‍വ്വ റെക്കോര്‍ഡ്

ലണ്ടന്‍: ഒരു വര്‍ഷത്തെ വിലക്കിന് ശേഷമാണ് ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തുന്നത്. എന്നാല്‍, ഒരു വര്‍ഷത്തെ ഇടവേള തെല്ലും ബാധിക്കാതെ വാര്‍ണറും ഒപ്പം നായകന്‍ ആരോണ്‍ ഫിഞ്ചും ഓപ്പണിംഗ് വിക്കറ്റില്‍ മിന്നും പ്രകടനം പുറത്തെടുത്തതോടെ പിറന്നത് അപൂര്‍വ്വ റെക്കോര്‍ഡ്.

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നപ്പോള്‍ പലരും ഓര്‍ത്തു ഫിഞ്ച്-വാര്‍ണര്‍ കൂട്ടുക്കെട്ടിന് ഇന്ന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന്. പക്ഷേ, ഇരുവര്‍ക്കുമിടയിലുള്ള മായാജാലം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ ഓസീസ് നേടിയത് 123 റണ്‍സ്.

ഇതോടെ ലോകകപ്പില്‍ തുടര്‍ച്ചയായി അഞ്ച് വട്ടം അമ്പത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്ന ആദ്യ സഖ്യമായാണ് ഫിഞ്ചും വാര്‍ണറും മാറിയത്. ആദം ഗില്‍ക്രിസ്റ്റ് -മാത്യൂ ഹെയ്ഡന്‍ (4), അമര്‍ സൊഹെെല്‍- സയ്ദ് അന്‍വര്‍ (4) തുടങ്ങിയവരുടെ റെക്കോര്‍ഡാണ് ഫിഞ്ചിനും വാര്‍ണര്‍ക്കും മുന്നില്‍ വഴിമാറിയത്.

പക്ഷേ, ആരോണ്‍ ഫിഞ്ചിന്‍റെയും ഡേവിഡ് വാര്‍ണറുടെയും മികവില്‍ ആദ്യം കത്തിക്കയറിയെങ്കിലും അവസാനം തകര്‍ന്നതോടെ ഇംഗ്ലണ്ടിന്  മുന്നില്‍ വിജയലക്ഷ്യമായി ഓസീസിന് വയ്ക്കാനായത് 286 റണ്‍സ് മാത്രമാണ്. ഫിഞ്ച് 100 (116 പന്തില്‍) റണ്‍സെടുത്തപ്പോള്‍ വാര്‍ണര്‍ 53 റണ്‍സുമായി പിന്തുണ നല്‍കി. 

click me!