"ആ തീരുമാനം പിന്‍വലിക്കരുത്; അത് അംഗീകരിക്കാന്‍ കഴിയില്ല"; കട്‍ലി ആബ്രോസ്

By Web TeamFirst Published Jul 4, 2019, 11:49 AM IST
Highlights

പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാതെ കടിച്ചുതൂങ്ങി നിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആംബ്രോസ് പറഞ്ഞു. 

ലണ്ടന്‍: വിരമിക്കൽ തീരുമാനം പിൻവലിച്ച വെസ്റ്റ് ഇൻഡീസ് ഓപ്പണർ ക്രിസ് ഗെയ്‍ലിനെതിരെ കരീബിയൻ ഇതിഹാസതാരം കട്‍ലി ആബ്രോസ്. പുതുതലമുറയ്ക്ക് വഴിമാറിക്കൊടുക്കാതെ കടിച്ചുതൂങ്ങി നിൽക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ആംബ്രോസ് പറഞ്ഞു. 

വിടവാങ്ങൽ ടൂർണമെന്‍റ് എന്ന പ്രഖ്യാപനവുമായാണ് ക്രിസ് ഗെയ്‍ൽ ലോകകപ്പിനെത്തിയത്. പ്രതീക്ഷിച്ച ഗെയ്‍ലാട്ടം കണ്ടതുമില്ല. ടൂർണമെന്‍റിനിടെ താരം തീരുമാനം മാറ്റി. ഇന്ത്യയുമായി അടുത്ത ടൂർണമെന്‍റിൽ ടെസ്റ്റിലും ഏകദിനത്തിലും കളിക്കുമെന്ന് ഗെയ്ൽ  വ്യക്തമാക്കുകയും ചെയ്തു. ഇതാണ് കട്‍ലി ആംബ്രോസിനെ ചൊടിപ്പിച്ചത്.

"അഞ്ച് വർഷമായി ക്രിസ് ഗെയ്ൽ ടെസ്റ്റ് ടീമിലില്ല. ആ സാഹചര്യം നിലനിൽക്കെ ഇന്ത്യ പോലൊരു ടീമിനോട് ടെസ്റ്റ് കളിക്കുന്നത് വിവരക്കേടാണ്". ഗെയ്‍ലിനെ ഒഴിവാക്കി പുതിയ താരങ്ങളെ വളർത്തിയെടുക്കണമെന്നാണ് ഇതിഹാസ പേസർ പറയുന്നത്. 39ന്‍റെ പ്രായഭാരം ഗെയ്‍ലിന്‍റെ ബാറ്റിംഗിൽ പ്രതിഫലിച്ചുതുടങ്ങിയെന്ന് ആംബ്രോസിന്‍റെ പക്ഷം. ക്രിസ് ഗെയ്‍ലിന് അഭിമാനത്തോടെ വിടപറയാനുള്ള സാഹചര്യമാണ് ലോകകപ്പെന്നും കട്‍ലി ആംബ്രോസ് വ്യക്തമാക്കുന്നു.

വെസ്റ്റ് ഇൻഡീസിനായി 103 ടെസ്റ്റുകളിൽ ഗെയ്ൽ കളിച്ചിട്ടുണ്ട്. 2014 സെപ്റ്റംബറിലാണ് അവസാനമായി ഗെയ്ൽ ടെസ്റ്റിൽ ഇറങ്ങിയത്. വിൻഡീസിന്‍റെ ഓപ്പണർ സ്ഥാനത്തിനായി മത്സരം മുറുകുന്നതിനാൽ ഗെയ്ൽ അധികകാലം കളിയിൽ തുടരില്ലെന്നാണ് സൂചന.
 

click me!