അന്ന് കോലിയോട് ബൂമ്ര ദേഷ്യത്തോടെ പറഞ്ഞു, ഇത് തമാശക്കളിയല്ല; രാജ്യാന്തര മത്സരമാണ്

By Web TeamFirst Published Jun 3, 2019, 11:51 AM IST
Highlights

എന്റെ ബൗളിംഗിനെ ടീമില്‍ ആരും വിശ്വാസത്തിലെടുക്കാറില്ല.പക്ഷെ എനിക്കെന്റെ ബൗളിംഗില്‍ വിശ്വാസമുണ്ട്.

ലണ്ടന്‍: വിരാട് കോലിയെന്ന ബാറ്റ്സ്മാന് ലോക ക്രിക്കറ്റില്‍ എതിരാളികളില്ല. എന്നാല്‍ കോലിയെന്ന ബൗളറുടെ കാര്യം അങ്ങനെയല്ല. എട്ടു വിക്കറ്റുകള്‍ മാത്രമാണ് രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിയുടെ ഇതുവരെയുള്ള നേട്ടം. എന്നാല്‍ തന്റെ മീഡിയം പേസ് ബൗളിംഗ് ടീമിലെ മറ്റുള്ളവര്‍ക്ക് ഒരു തമാശയാണെങ്കിലും തനിക്കത് ഗൗരവമുള്ള കാര്യമാണെന്നാണ് വിരാട് കോലി പറയുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിന് അനുവദിച്ച അഭിമുഖത്തിലാണ് കോലി ബൗളിംഗിനെക്കുറിച്ച് മനസു തുറക്കുന്നത്.

A little warm-up before hitting the nets for Skipper . pic.twitter.com/OlwbKq0czD

— BCCI (@BCCI)

എന്റെ ബൗളിംഗിനെ ടീമില്‍ ആരും വിശ്വാസത്തിലെടുക്കാറില്ല.പക്ഷെ എനിക്കെന്റെ ബൗളിംഗില്‍ വിശ്വാസമുണ്ട്. 2017ല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഏതാണ്ട് എല്ലാ കളികളും നമ്മള്‍ ജയിച്ചു നില്‍ക്കുകയായിരുന്നു. ജയം ഉറപ്പിച്ച ഒരു കളിയില്‍ ഞാന്‍ ധോണിയോട് ബൗള്‍ ചെയ്യട്ടേ എന്ന് ചോദിച്ചു. ധോണി എന്നെ പന്തേല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതുകണ്ട് ബൗണ്ടറിയില്‍ നില്‍ക്കുകയായിരുന്ന ജസ്പ്രീത് ബൂമ്ര ഉച്ചത്തില്‍ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞത്, ഇത് തമാശക്കളിയല്ല, രാജ്യാന്തര മത്സരമാണെന്നായിരുന്നു.

പുറംവേദന അലട്ടാന്‍ തുടങ്ങിയശേഷമാണ് ഞാന്‍ ബൗളിംഗില്‍ നിന്ന് പിന്‍വാങ്ങിയത്. എന്നാല്‍ നെറ്റ്സില്‍ ഇപ്പോഴും താന്‍ പന്തെറിയാറുണ്ടെന്നും കോലി പറഞ്ഞു. ഡല്‍ഹിയിലെ ക്രിക്കറ്റ് അക്കാദമിയിലായിരുന്ന കാലത്ത് ബൗള്‍ ചെയ്യുമ്പോള്‍ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സന്റെ ബൗളിംഗ് ആക്ഷന്‍ ആണ് എടുക്കാറുള്ളതെന്നും പിന്നീട് ആന്‍ഡേഴ്സണൊപ്പം കളിച്ചപ്പോള്‍ ഇത് പറഞ്ഞ് ചിരിച്ചുവെന്നും കോലി പറഞ്ഞു. ഏകദിനത്തിലും ടി20യിലുമായി നാലു വീതം വിക്കറ്റുകളാണ് കോലി ഇതുവരെ നേടിയത്. ടെസ്റ്റില്‍ ഇതുവരെ വിക്കറ്റൊന്നും നേടാന്‍ കോലിക്കായിട്ടില്ല.

click me!