ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തി ഷമി

By Web TeamFirst Published Jun 24, 2019, 6:51 PM IST
Highlights

കഴിഞ്ഞ രണ്ടുവര്‍ഷത്തെ കഠിന പരിശ്രമമാണ് തന്റെ ഫിറ്റ്നെസ് രഹസ്യമെന്ന് ഷമി വ്യക്തമാക്കി. പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായശേഷം ഞാന്‍ വളരെയധികം തടിച്ചു. നീണ്ട സ്പെല്ലുകള്‍ എറിയുമ്പോള്‍ കാല്‍ മുട്ടില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങി

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനെതിരായ ആവേശപ്പോരാട്ടത്തില്‍ അവസാന ഓവറിലെ ഹാട്രിക്കുമായി ഇന്ത്യയുടെ ഹീറോ ആയത് മുഹമ്മദ് ഷമിയായിരുന്നു. എന്നാല്‍ ഒരുവര്‍ഷം മുമ്പ് ഭാര്യ ഹസിന്‍ ജഹാന്റെ ഗാര്‍ഹിക പീഡന ആരോപണങ്ങളും ഫിറ്റ്നെസില്ലായ്മയും പരിക്കും ഷമിയെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തു നിര്‍ത്തിയ ഒരു കാലമുണ്ടായിരുന്നു. ഹസിന്‍ ജഹാന്റെ ആരോപണങ്ങളില്‍ വ്യക്തത വരാതെ കരാര്‍ പുതുക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തതോടെ ഷമിയുടെ കരിയര്‍ തന്നെ പ്രതിസന്ധിയിലായി.

പിന്നാലെ പരിക്കും ഷമിയെ തളര്‍ത്തി. കായികക്ഷമത പരിശോധിക്കുന്ന യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടു. എന്നാല്‍‍ ആരോപണങ്ങളെയും തിരിച്ചടികളെയും ക്ലീന്‍ ബൗള്‍ഡാക്കി കൂടുതല്‍ കരുത്തനായി ഷമി ക്രിക്കറ്റിലേക്ക് തിരിച്ചെത്തി. കൂടുതല്‍ ഫിറ്റായ ഷമി ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീമിലെ അവസാന വാക്കായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പോലും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മികവ് കാട്ടി ഷമി ഏകദിന ടീമിലും തിരിച്ചെത്തി.

കഴിഞ്ഞ രണ്ടുവര്‍ഷത്തെ കഠിന പരിശ്രമമാണ് തന്റെ ഫിറ്റ്നെസ് രഹസ്യമെന്ന് ഷമി വ്യക്തമാക്കി. പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായശേഷം ഞാന്‍ വളരെയധികം തടിച്ചു. നീണ്ട സ്പെല്ലുകള്‍ എറിയുമ്പോള്‍ കാല്‍ മുട്ടില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ നീണ്ട സ്പെല്ലുകള്‍ എറിയണമെങ്കില്‍ ഞാന്‍ ശാരീരികമായി കഠിനാധ്വാനം ചെയ്തേ മതിയാകൂ എന്ന് എനിക്ക് മനസിലായി. ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ആദ്യം തീരുമാനിച്ചത്. അതിന്റെ ഭാഗമായി മധുരം കഴിക്കുന്നതും ബ്രെഡ് കഴിക്കുന്നതും നിര്‍ത്തി. അതെന്നില്‍ ഒരുപാട് മാറ്റം വരുത്തി-ഷമി പറഞ്ഞു. ശരീരഭാരം അഞ്ച്-ആറ് കിലോയോളം കുറച്ച ഷമി ഇന്ന് ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരിലൊരളാണ്.

click me!