ഇന്ത്യക്കെതിരായ സെമി പോരാട്ടത്തിനിറങ്ങുമ്പോള്‍ ന്യൂസിലന്‍ഡിനെ പേടിപ്പെടുത്തുന്നത് ഈ കണക്കുകള്‍

By Web TeamFirst Published Jul 7, 2019, 8:12 PM IST
Highlights

1975ലെ ആദ്യ ലോകകപ്പില്‍ തന്നെ ന്യൂസിലന്‍ഡ് സെമിയിലെത്തിയിരുന്നു. അന്ന് വെസ്റ്റ് ഇന്‍ഡീസായിരുന്നു കീവീസിന്റെ എതിരാളികളായി എത്തിയത്. ഏകപക്ഷീയമായ സെമി പോരാട്ടത്തില്‍ ക്ലൈവ് ലോയ്ഡ‍ിന്റെ വെസ്റ്റ് ഇന്‍ഡീസ് കീവീസീനെ കീഴടക്കി ഫൈനലിലെത്തി.

ലണ്ടന്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യക്കെതിരെ ചൊവ്വാഴ്ച ഇറങ്ങുമ്പോള്‍ ന്യൂസിലന്‍ഡ് ടീമിന് ആശങ്കയുണ്ടാക്കുന്നത് ചരിത്രത്തിലെ ചില കണക്കുകള്‍. ഇതുവരെ ഏഴുതവണ ലോകകപ്പിന്റെ സെമിഫൈനലില്‍ എത്തിയിട്ടുള്ള കീവിസ് ആറു തവണയും തോറ്റു എന്നതാണ് ചരിത്രം. സ്വന്തം നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ സെമിയില്‍ മാത്രമാണ് ദക്ഷിണാഫ്രിക്കക്കെതിരെ കീവീസ് ജയിച്ചു കയറിയത്.

1975ലെ ആദ്യ ലോകകപ്പില്‍ തന്നെ ന്യൂസിലന്‍ഡ് സെമിയിലെത്തിയിരുന്നു. അന്ന് വെസ്റ്റ് ഇന്‍ഡീസായിരുന്നു കീവീസിന്റെ എതിരാളികളായി എത്തിയത്. ഏകപക്ഷീയമായ സെമി പോരാട്ടത്തില്‍ ക്ലൈവ് ലോയ്ഡ‍ിന്റെ വെസ്റ്റ് ഇന്‍ഡീസ് കീവീസീനെ കീഴടക്കി ഫൈനലിലെത്തി, കിരീടവുമായി മടങ്ങി. 1979ലെ ലോകകപ്പിലും ന്യൂസിലന്‍ഡ് സെമിയിലെത്തി. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ടിന് മുന്നില്‍ തോറ്റ് മടങ്ങാനായിരുന്നു കീവികളുടെ വിധി.

സ്വന്തം നാട്ടില്‍ നടന്ന 1992ലെ ലോലകകപ്പിലാണ് പിന്നീട് ന്യൂസിലന്‍ഡ് സെമിയിലെത്തിയത്. അന്ന് പാക്കിസ്ഥാന്‍ കീവികളുടെ വഴിമുടക്കി. 1999ലെ ഇംഗ്ലണ്ട് ലോകകപ്പിലും ന്യൂസിലന്‍ഡ് സെമിയിലെത്തി. ഇത്തവണയും പാക്കിസ്ഥാന്‍ തന്നെ കീവികളുടെ ചിറകരിഞ്ഞ് ഫൈനലിലെത്തി. 2007ലെ ലോകകപ്പിലാണ് പിന്നീട് ന്യൂസിലന്‍ഡ് സെമി കളിച്ചത്. അന്ന് ശ്രീലങ്കയായിരുന്നു കീവികളെ തോല്‍പ്പിച്ച് ഫൈനലിലെത്തിയത്. 2011ലെ ലോകകപ്പിലും തനിയാവര്‍ത്തനമായി ശ്രീലങ്കയും ന്യൂസിലന്‍ഡും സെമിയില്‍ ഏറ്റുമുട്ടി. ഇത്തവണയും ലങ്ക തന്നെ ഫൈനലില്‍ എത്തി. ഫൈനലില്‍ ലങ്ക കീഴടക്കി ഇന്ത്യ കിരീടം നേടി.

ആതിഥേയത്വം വഹിച്ച 2015ലെ ലോകകപ്പിലാണ് ന്യൂസിലന്‍ഡ് ആദ്യായി സെമി കടമ്പ കടന്നത്. ദക്ഷിണാഫ്രയായിരുന്നു എതിരാളികള്‍. ആദ്യമായി സെമി കടമ്പ കടന്ന് ഫൈനലിലെത്തിയ ന്യൂസിലന്‍ഡിന് പക്ഷെ ഫൈനലില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ അടിതെറ്റുകയായിരുന്നു. ഇത്തവണയും സെമി കടമ്പയില്‍ തട്ടി കീവികള്‍ വീഴുമോ എന്നാണ് ന്യൂസിലന്‍ഡ് ആരാധകരുടെ ആശങ്ക.

click me!