അന്ന് അണ്ടര്‍ 19 ലോകകപ്പില്‍ കോലിയുടെ ഇന്ത്യ കീവീസിനെ വീഴ്ത്തി; ഇത്തവണയും നേട്ടം ആവര്‍ത്തിക്കുമോ ?

By Web TeamFirst Published Jul 7, 2019, 6:09 PM IST
Highlights

അന്ന് ന്യൂസിലന്‍ഡിനായി ഓപ്പണറായി ഇറങ്ങിയ വില്യാംസണിന്റെ വിക്കറ്റെടുത്തത് വിരാട് കോലിയായിരുന്നുവെന്നതും മറ്റൊരു യാദൃശ്ചികതയാണ്.

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ചൊവ്വാഴ്ച ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ വിരാട് കോലിയും സംഘവും ഇറങ്ങുക അണ്ടര്‍ 19 ലോകകപ്പിലെ ചരിത്രം ആവര്‍ത്തിക്കാന്‍. 2008ല്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലാണ് വിരാട് കോലി ക്യാപ്റ്റനായ ഇന്ത്യയും കെയ്ന്‍ വില്യാംസണ്‍ ക്യാപ്റ്റനായ ന്യൂസിലന്‍ഡും സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് കോലിക്കൊപ്പം ടീമില്‍ കളിച്ച രവീന്ദ്ര ജഡേജ ഇന്ന് ലോകകപ്പ് ടീമിലുണ്ട്. വില്യാംസണിന്റെ ടീമിലാകട്ടെ ടിം സൗത്തിയും.

അന്ന് ന്യൂസിലന്‍ഡിനായി ഓപ്പണറായി ഇറങ്ങിയ വില്യാംസണിന്റെ വിക്കറ്റെടുത്തത് വിരാട് കോലിയായിരുന്നുവെന്നതും മറ്റൊരു യാദൃശ്ചികതയാണ്. 80 പന്തില്‍ 37 റണ്‍സായിരുന്നു വില്യാംസണിന്റെ സമ്പാദ്യം. 67 പന്തില്‍ 70 റണ്‍സെടുത്ത കോറി ആന്‍ഡേഴ്സണായിരുന്നു ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണെടുത്തത്. ഇന്ത്യക്കായി കോലി ഏഴോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജഡേജ ഒരു വിക്കറ്റെടുത്തു.

2008 അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമിഫൈനലിന്റെ സ്കോര്‍ ബോര്‍ഡ്

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്കായി ശ്രീവത്സ് ഗോസ്വാമി 51 റണ്‍സുമായി ടോപ് സ്കോററായി. നാലമനായി ഇറങ്ങിയ വിരാട് കോലി 53 പന്തില്‍ 43 റണ്‍സ് നേടി. ജഡേജ ഒരു റണ്ണെടുത്ത് പുറത്തായി. 41.3 ഓവറില്‍ ഇന്ത്യ 191/7 ല്‍ നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ ഏഴ് റണ്‍സിന് ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. സെമിയില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഫൈനലില്‍ എത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ കീഴടക്കി കിരീടവുമായാണ് മടങ്ങിയത്.

click me!