രോഹിത് ശര്‍മ്മ നിറഞ്ഞാടുന്നു; വിശാഖപട്ടണത്തെ സിക്‌സര്‍ മഴയ്‌ക്ക് റെക്കോര്‍ഡ്

By Web TeamFirst Published Oct 5, 2019, 12:23 PM IST
Highlights

ആദ്യ ഇന്നിംഗ്‌സില്‍ ആറ് സിക്‌സുകള്‍ വീതം നേടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് സിക്‌സര്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റ് പോലെയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ സിക്‌സറുകള്‍ വിശാഖപട്ടണം സ്റ്റേഡിയത്തിന്‍റെ നാലുപാടും പറക്കുന്നത്. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സില്‍ ആറ് സിക്‌സുകള്‍ വീതം നേടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് സിക്‌സര്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. ആ സിക്‌സര്‍ വേട്ട ദൂരങ്ങള്‍ താണ്ടി ഇപ്പോള്‍ റെക്കോര്‍ഡിട്ടിരിക്കുന്നു.

ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പിറന്ന മത്സരം എന്ന നേട്ടമാണ് വിശാഖപട്ടണം പോര് ഇതിനകം സ്വന്തമാക്കിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സില്‍ രോഹിത് ആദ്യ സിക്‌സ് പറത്തിയതോടെ മത്സരത്തിലാകെ 21* സിക്‌സുകളായി. ശ്രീലങ്കക്കെതിരെ 2009/10 സീസണില്‍ നടന്ന മുംബൈ ടെസ്റ്റിലും വിന്‍ഡീസിനെതിരെ 2018/19 സീസണില്‍ നടന്ന രാജ്‌കോട്ട് ടെസ്റ്റിലും 20 സിക്‌സുകള്‍ വീതം പിറന്നതായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോര്‍ഡ്.  

ആദ്യ ഇന്നിംഗ്‌സില്‍ 13 സിക്‌സുകള്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഏഴ് സിക്‌സുകള്‍ നേടി. നാലാം ദിനം  ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സുകള്‍ നേടിക്കഴിഞ്ഞു, രോഹിത് ശര്‍മ്മയാണ് ഈ രണ്ടും പറത്തിയത്. 

click me!