കടിഞ്ഞാണിടാന്‍ ആര്‍ക്ക് സാധിക്കും? ചരിത്രത്തിലേക്ക് നടന്ന് റോയ്-ബെയര്‍സ്റ്റോ സഖ്യം

By Web TeamFirst Published Jul 14, 2019, 2:42 PM IST
Highlights

ഇങ്ങനെ പോയാല്‍ ലോകത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് സംഘമായാണ് ഈ കൂട്ടുകെട്ട് മാറുക. നിലവിലെ ശരാശരിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമാണ് റോയ്-ബെയര്‍സ്റ്റോ. 32 ഇന്നിംഗ്സുകളില്‍ 69.46 ശരാശരിയില്‍ 2223 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തിട്ടുള്ളത്

ലണ്ടന്‍: ഏകദിന ക്രിക്കറ്റിലെ പുതിയ വിശ്വ ചാമ്പ്യന്മാര്‍ ആരെന്നറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ലോര്‍ഡ്സില്‍ ഇറങ്ങുന്നത്. മുമ്പ് മൂന്ന് തവണ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനിറങ്ങുന്ന കിവികളും പോരടിക്കുമ്പോള്‍ ആവേശം അലയടിച്ചുയരുമെന്നുറപ്പ്.

ഇന്ത്യയുടെ സ്വപ്നങ്ങള്‍ എറിഞ്ഞിട്ടാണ് ന്യൂസിലന്‍ഡിന്‍റെ വരവ്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചാണ് ഇംഗ്ലീഷ് പട കിരീടത്തില്‍ കണ്ണു വച്ചത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കളത്തില്‍ തീപാറുമെന്ന് ഉറപ്പാണ്.  

ഫെെനല്‍ വരെയുള്ള ഇംഗ്ലണ്ടിന്‍റെ കുതിപ്പില്‍ നിര്‍ണായകമായത് ഓപ്പണിംഗ് സഖ്യമായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയുമാണ്. റോയ് പരിക്കേറ്റ് പുറത്തിരുന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ട് ടീം തിരിച്ചടിയും നേരിട്ടിരുന്നു. ഓരോ മത്സരം കഴിയുമ്പോഴും ഈ സഖ്യം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

ഇങ്ങനെ പോയാല്‍ ലോകത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് സംഘമായും ഈ കൂട്ടുകെട്ട് മാറുക. നിലവിലെ ശരാശരിയില്‍ ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യമാണ് റോയ്-ബെയര്‍സ്റ്റോ. 32 ഇന്നിംഗ്സുകളില്‍ 69.46 ശരാശരിയില്‍ 2223 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. അതില്‍ 11 സെഞ്ചുറി കൂട്ടുകെട്ടും ഉള്‍പ്പെടുന്നു.

രണ്ടാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡ‍ീസിന്‍റെ ഗ്രീനിഡ്ജും ഹെയ്നസുമാണ്. ഇന്ത്യയുടെ ഗൗതം ഗംഭീര്‍- വീരേന്ദര്‍ സെവാഗ് സഖ്യം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഓപ്പണിംഗ് ഇറങ്ങി കൂടുതല്‍ ശരാശരിയുള്ളത് ഇന്ത്യയുടെ തന്നെ സൗരവ് ഗാംഗുലി- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പെയറാണ്. 49.32 ശരാശരിയില്‍ 6609 റണ്‍സാണ് ഇരുവരും അടിച്ചു കൂട്ടിയിട്ടുള്ളത്. 

click me!