വെസ്റ്റ് ഇൻഡീസിനെതിരായ പര്യടനത്തിന് കോലിയും ബുമ്രയും ഉണ്ടാവില്ല; വിശ്രമം അനുവദിക്കാനൊരുങ്ങി ബിസിസിഐ

By Web TeamFirst Published Jun 24, 2019, 12:31 PM IST
Highlights

ലോകകപ്പ് കഴിഞ്ഞാൽ വിശ്രമിക്കാൻ പോലും അവസരമില്ലാതെ തുടരെ പരമ്പരകളാണ് ഇന്ത്യന്‍ ടീമിന്.

ലണ്ടന്‍: ജൂലൈ 14ന് ലോര്‍ഡ്സിൽ ഇന്ത്യ ലോകകിരീടം ഉയർത്താൻ കാത്തിരിക്കുകയാണ് ആരാധകർ. ലോകകപ്പ് കഴിഞ്ഞാൽ വിശ്രമിക്കാൻ പോലും അവസരമില്ലാതെ തുടരെ പരമ്പരകളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളുമായാണ് മത്സരങ്ങൾ. ഇത്രയും മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നത് താരങ്ങൾക്ക് തിരിച്ചടിയാകുമെന്നതിനാല്‍ പ്രധാന താരങ്ങള്‍ക്ക് വിൻഡീസുമായുള്ള പരമ്പരയിൽ വിശ്രമം നൽകാനാണ് ബിസിസിഐ തീരുമാനം. 

കോലിക്കും ബുമ്രയ്ക്കും വിൻഡീസിനെതിരായ ടി20 ഏകദിന പരമ്പരകളിൽ വിശ്രമം നൽകും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പരിഗണിക്കുന്നതിനാൽ വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് കോലിയും ബുമ്രയും ടീമിനൊപ്പം ചേരുമെന്നാണ് സൂചന.

ഇരുവര്‍ക്കും വിശ്രമം നല്‍കുകയാണെങ്കില്‍ വിൻഡീസുമായി പരിശീലന മത്സരം കളിക്കുന്ന ഇന്ത്യ എ ടീമിലുള്ള യുവതാരങ്ങൾക്ക് ടീമില്‍ അവസരം കിട്ടിയേക്കും. മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവർ ടീമിലേക്ക് വിളി കാത്തിരിക്കുന്നു. ക്രുണാൽ പാണ്ഡ്യ, ശ്രേയസ് അയ്യർ, രാഹുൽ ചാഹർ, സഞ്ജു സാംസൺ എന്നിവർ ടി20 ടീമിലേക്കും പ്രതീക്ഷ വയ്ക്കുന്നു. ലോകകപ്പ് കഴിയുന്നതോടെയാകും വിൻഡീസ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.

ലോകകപ്പ് കഴിഞ്ഞാല്‍ ഉടൻ ഓഗസ്റ്റ് 3 മുതൽ അമേരിക്കയിലാണ് വെസ്റ്റ് ഇൻഡീസുമായുള്ള ടി-20 പരമ്പര. മൂന്ന് മത്സര പരമ്പരയിലെ 2 എണ്ണമാണ് അമേരിക്കൻ മണ്ണിൽ കളിക്കുക. തുടർന്ന് ടീം വെസ്റ്റ് ഇൻഡീസിലേക്ക് പോകും. ഒരു ടി20 യും 2 ടെസ്റ്റും 3 ഏകദിന മത്സരങ്ങളും വിൻഡീസിൽ കളിക്കും.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ടി-20,ടെസ്റ്റ് പരമ്പരകൾക്കായി ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തും. പിന്നാലെ ബംഗ്ലാദേശും. ഇത്രയും മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നത് താരങ്ങൾക്ക് തിരിച്ചടിയാകും. അതിനാൽ പ്രധാന താരങ്ങളെ വിൻഡീസുമായുള്ള പരമ്പരയിൽ വിശ്രമം നൽകാനാണ് ബിസിസിഐ തീരുമാനം. 

click me!