രോഹിത്തിന്‍റെ കിടിലന്‍ ഫോമിന് പിന്നില്‍ ആ താരത്തിന്‍റെ ഉപദേശം; വെളിപ്പെടുത്തല്‍

By Web TeamFirst Published Jul 7, 2019, 12:58 PM IST
Highlights

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ചരിത്രനേട്ടമാണ് രോഹിത് ശര്‍മ പേരിലെഴുതിയത്. ശ്രീലങ്കക്കെതിരെ 92 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ലീഡ്സില്‍ കുറിച്ചത്

ലീഡ്‍സ്: ലോകകപ്പില്‍ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അവസാന നാലില്‍ എത്തിയവരുടെ  പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നലെ അവസാന ലീഗ് മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.

ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ചരിത്രനേട്ടമാണ് രോഹിത് ശര്‍മ പേരിലെഴുതിയത്. ശ്രീലങ്കക്കെതിരെ 92 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ലീഡ്സില്‍ കുറിച്ചത്.

2015ലെ ലോകകപ്പില്‍ നാലു സെഞ്ചുറികള്‍ നേടിയ ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡാണ് രോഹിത് ഇന്ന് മറികടന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(6 എണ്ണം) റെക്കോര്‍ഡിനൊപ്പമെത്താനും രോഹിത്തിനായി.

ഇപ്പോള്‍ തന്‍റെ ഫോമിന് പിന്നിലുള്ള രഹസ്യം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്‍റെ ഉപദേശങ്ങളാണ് തനിക്ക് സഹായകരമായതെന്നാണ് രോഹിത് പറയുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ വളരെ പ്രതിസന്ധിയിലൂടെയാണ് രോഹിത് കടന്ന് പോയത്.

മികച്ച തുടക്കം ലഭിച്ചിട്ട് പോലും അത് ഉപയോഗപ്പെടുത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുംബെെ ഇന്ത്യന്‍സ് താരമായിരുന്ന യുവരാജിനെ രോഹിത് സമീപിക്കുന്നത്. ലോകകപ്പിന് മുമ്പ് ചുറ്റുമുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചാണ് യുവി സംസാരിച്ചതെന്ന് രോഹിത് പറഞ്ഞു. കൂടുതല്‍ റണ്‍സ് നേടുന്നതിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.

മറിച്ച്, കളിയെ കുറിച്ചും ജീവിതത്തെ കുറിച്ചും സംസാരിച്ചു. തനിക്ക് ഒരു മൂത്ത സഹോദരനെ പോലെയാണ് യുവിയെന്നും രോഹിത് പറഞ്ഞു. അവസരം വരുമ്പോള്‍ നീ അത് ചെയ്യുമെന്ന് യുവി പറഞ്ഞു. ഇപ്പോള്‍ ലോകകപ്പിനെ കുറിച്ചാണ് യുവി അന്ന് ഉദ്ദേശിച്ചതെന്ന് തോന്നുന്നു.

2011 ലോകകപ്പിന് മുമ്പ് യുവിയും സമാനമായ അവസ്ഥയിലൂടെ കടന്ന് പോവുകയായിരുന്നു. അപ്പോള്‍ നല്ല സാഹചര്യങ്ങളില്‍ ആയിരിക്കാന്‍ ശ്രമിച്ചു. പിന്നീട് അദ്ദേഹത്തിന് ഏറ്റവും മികച്ച ലോകകപ്പ് ആണ് സംഭവിച്ചതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. 

click me!