
ബര്‍മിംഗ്‌ഹാം: ഇംഗ്ലണ്ടിലെ ബര്‍മിംഗ്‌ഹാമിലുള്ള എഡ്‌ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് രോഹിത് ശര്‍മ്മയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെയും സെഞ്ചുറി നേടി രോഹിത് ഇത് തെളിയിക്കുകയായിരുന്നു. ബര്‍മിംഗ്‌ഹാമിലെ അവസാന മൂന്ന് ഏകദിന ഇന്നിംഗ്‌സുകളിലും ഹിറ്റ്‌മാന് സെഞ്ചുറിയുണ്ട്. ഇരട്ട നേട്ടത്തിലാണ് ഇതോടെ രോഹിത് എത്തിയത്.
ഇന്ന് ബംഗ്ലാദേശിനെതിരെ 104 റണ്‍സാണ് രോഹിത് നേടിയത്. മുന്‍പ് ഇംഗ്ലണ്ടിനെതിരെ 102 റണ്‍സും 2017ല്‍ ബംഗ്ലാദേശിനെതിരെ പുറത്താകാതെ 123 റണ്‍സും ഇതേ വേദിയില്‍ രോഹിത് നേടി. ഇംഗ്ലണ്ടിലെ ഒരു വേദിയില്‍ ഹാട്രിക് ഏകദിന സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി രോഹിത്. ഏകദിനത്തില്‍ വിരാട് കോലിക്ക് ശേഷം ഏതെങ്കിലുമൊരു വേദിയില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് ഹിറ്റ്‌മാന്‍. കൊളംബോയിലാണ് കോലി ഹാട്രിക് സെഞ്ചുറി നേടിയിട്ടുള്ളത്.
ബംഗ്ലാദേശിനെതിരെ രോഹിത് 90 പന്തില്‍ അഞ്ച് സിക്‌സുകളടക്കം സെഞ്ചുറി പൂര്‍ത്തിയാക്കി. ഏകദിനത്തില്‍ ഹിറ്റ്‌മാന്‍റെ 26-ാം ശതകവും ഈ ലോകകപ്പിലെ നാലാം സെഞ്ചുറിയുമാണിത്. എന്നാല്‍ 92 പന്തില്‍ 104 റണ്‍സെടുത്ത രോഹിതിനെ 30-ാം ഓവറിലെ രണ്ടാം പന്തില്‍ സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. രോഹിതിന്‍റെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 314 റണ്‍സെടുത്തു.