
ലീഡ്‍സ്: ലോകകപ്പില്‍ ലീഗ് റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. അവസാന നാലില്‍ എത്തിയവരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്നലെ അവസാന ലീഗ് മത്സരത്തില്‍ ഏഴ് വിക്കറ്റിന്‍റെ മിന്നുന്ന വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും രോഹിത് ശര്‍മയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്. ഇന്ത്യയുടെ സെമി പ്രവേശനത്തിനൊപ്പം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് മറ്റൊരു കാര്യം കൂടിയാണ്.
ജൂലെെ നാലിന് ഹാര്‍ദിക് പാണ്ഡ്യ ട്വിറ്ററില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. എം എസ് ധോണി, ഋഷഭ് പന്ത്, ജസ്പ്രീത് ബൂമ്ര, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് താരം പങ്കുവെച്ചത്. എന്നാല്‍, അതില്‍ നിന്ന് ആരാധകര്‍ ഒരു കൗതുകം കണ്ടെത്തി.
ഋഷഭ് പന്തിന്‍റെ തോളില്‍ ആരോ കെെ വച്ചിട്ടുണ്ട്. അതാരുടെയെന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. പാണ്ഡ്യയുടെ ചിത്രം പങ്കുവെച്ച് ആയിരങ്ങളാണ് ഈ ചോദ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഈ ചിത്രം മൂലം തന്‍റെ തല പുകയുകയാണെന്നാണ് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തത്. ഒരു രാത്രി മുഴുവന്‍ ആലോചിച്ചിട്ടും അത് ആരുടെ കയ്യാണെന്ന് മനസിലായില്ലെന്ന് മറ്റൊരു ആരാധകന്‍റെ ട്വീറ്റ്.
ആരെങ്കിലും പിന്നില്‍ ഒളിച്ചിരുപ്പുണ്ടോ എന്നും സംശയിക്കുന്ന ആരാധകര്‍ ഇനി പ്രേതമുണ്ടോയെന്നും ചോദിക്കുന്നു. എന്തായാലും കളിയുടെ തിരക്കിന് ശേഷം ഇക്കാര്യത്തില്‍ താരങ്ങള്‍ തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍.