ഒരു ഇംഗ്ലീഷ് താരത്തിനും തകര്‍ക്കാന്‍ കഴിയില്ല; ഈ റെക്കോര്‍ഡ് ഇനി ബെയര്‍സ്റ്റോയ്ക്ക് സ്വന്തം

By Web TeamFirst Published Jul 4, 2019, 1:24 PM IST
Highlights

ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ താരം ന്യൂസിലന്‍ഡിനെതിരെയും മൂന്നക്കം തികച്ചതോടെയാണ് ഈ റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്.  

ലണ്ടന്‍: ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ കിടിലന്‍ സെഞ്ചുറിയുമായി ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ടിനെ നയിച്ചത് സെമിഫൈനലിലേക്കാണ്. ഒപ്പം ഒരു റെക്കോര്‍ഡും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് ഇനി ജോണി ബെയര്‍സ്റ്റോയ്ക്ക് സ്വന്തമാണ്.

ഇന്ത്യക്കെതിരായ മത്സരത്തിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും മൂന്നക്കം തികച്ചതോടെയാണ് ഈ റെക്കോര്‍ഡ് ബെയര്‍സ്റ്റോ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായക മത്സരത്തിലാണ് ജോണി ബെയര്‍സ്റ്റോയുടെ ആദ്യ സെഞ്ചുറി. 109 പന്തില്‍ 111 റണ്‍സാണ് അന്ന് ബെയര്‍സ്റ്റോ അടിച്ചെടുത്തത്. 6 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. 

ന്യൂസിലാന്‍റിനെതിരായ മത്സരത്തില്‍ 99 പന്തില്‍ നിന്നും 106 റണ്‍സ് നേടി തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചുറിയും ബെയര്‍സ്‌റ്റോയുടെ ബാറ്റില്‍ നിന്നും പിറന്നു. 15 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
മുൻ ക്യാപ്റ്റൻ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയായിരുന്നു ആ സെഞ്ചുറികള്‍. ലോകകപ്പില്‍ വിജയത്തോടെ തുടങ്ങിയ ഇംഗ്ലണ്ട് പാതി വഴിയില്‍ നിറം മങ്ങിയപ്പോള്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് മുതിര്‍ന്ന താരങ്ങളടക്കം ഇംഗ്ലണ്ടിനെതിരെ രംഗത്തെത്തി.

ആ വിമര്‍ശനങ്ങള്‍ക്ക് തുടര്‍ച്ചയായ രണ്ടു സെഞ്ചുറി കൊണ്ടാണ് ബെയര്‍സ്റ്റോ മറുപടി പറഞ്ഞത്. അങ്ങനെ 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് ലോകകപ്പിന്‍റെ സെമിയിൽ കടന്നു. നോക്കൗട്ട് ഘട്ടത്തിലും ബെയര്‍സ്റ്റോ മിന്നും പ്രകടം കാഴ്ച വെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

click me!