മാഞ്ചസ്റ്റര്‍ എന്നാല്‍ യുണൈറ്റഡും സിറ്റിയും മാത്രമല്ല; ഈ മുഖം കൂടിയുണ്ട് മാഞ്ചസ്റ്ററിന്

By Web TeamFirst Published Jun 24, 2019, 3:12 PM IST
Highlights

പണ്ട് തുണിമില്ലുകള്‍ ഏറെയുണ്ടായിരുന്ന നഗരമായിരുന്നു മാഞ്ചസ്റ്റർ. കൽക്കരി കത്തിച്ചും ആവി എഞ്ചിൻ പ്രവർത്തിപ്പിച്ചും വ്യവസായ വിപ്ലവത്തിന് പുത്തൻ ഉടുപ്പണിയിച്ച നഗരം

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ഈ പേര് കേട്ടാല്‍ കായിക പ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക യുണൈറ്റഡ് എന്നോ സിറ്റിയെന്നോ ആയിരിക്കും. എന്നാൽ ഇതിനോട്  തുന്നിച്ചേര്‍ക്കേണ്ട മറ്റൊരു വിശേഷണം കൂടിയുണ്ട് മാഞ്ചസ്റ്റർ നഗരത്തിന്. ''പണ്ട് തുണിമില്ലുകള്‍ ഏറെയുണ്ടായിരുന്ന നഗരമായിരുന്നു മാഞ്ചസ്റ്റർ. കൽക്കരി കത്തിച്ചും ആവി എഞ്ചിൻ പ്രവർത്തിപ്പിച്ചും വ്യവസായ വിപ്ലവത്തിന് പുത്തൻ ഉടുപ്പണിയിച്ച നഗരം.

നെയ്ത്തു വ്യവസായത്തിന്‍റെ മെല്ലെപ്പോക്കിനെ യന്ത്രവേഗത്താൽ മറികടന്ന നാട്. പരുത്തി കൃഷിയില്ലാത്ത നാട്ടിൽ തുണി വ്യവസായം എങ്ങനെ പടർന്നു പന്തലിച്ചെന്നൊരു ചോദ്യമാണ് ആദ്യം ഉയരുക. നാടു മുഴുവന്‍ കോളനികൾ ഉണ്ടാക്കി. ആ നാട്ടിലെ പരുത്തിയും പട്ടുനൂലും കപ്പലു കയറ്റി മാഞ്ചസ്റ്ററിലെത്തിച്ചു.  വൈദ്യുതി ലഭ്യതയും ഗതാഗത സൗകര്യവും മാഞ്ചസ്റ്ററിന് തുണയായി.

പത്തൊമ്പതാം നൂറ്റാണ്ടിൽ നിരവധി തുണി മില്ലുകൾ ഉയർന്നു. വസ്ത്രവൈവിധ്യത്തിന്‍റെ പുതിയ ലോകത്തേക്കുള്ള വാതിൽ തുറുന്നു. തുണിത്തരങ്ങളുടെ നാടെന്ന പൊൻതൂവൽ കാലം മാ‌ഞ്ചസ്റ്ററിനൊപ്പം തുന്നിച്ച‍േർത്തു. കോളനികളിലെ പരമ്പരാഗത തുണി വ്യവസായം കൂപ്പുകുത്തിയപ്പോൾ നൂലിൽ പുതുമയുടെ നിറംചാലിച്ച് മാഞ്ചസ്റ്റർ തലയുയർത്തി. പക്ഷേ, തൊഴിലാളികളുടെ ജീവിതം അത്ര നിറമുള്ളതായിരുന്നില്ല. യന്ത്രങ്ങൾക്കിടയിൽപ്പെട്ട് പലരുടെയും വിരലുകളറ്റു. പൊടി ശ്വസിച്ച് പലരും നിത്യ രോഗികളായി.

കാലങ്ങൾക്കിപ്പുറം ഇന്ത്യയും ചൈനയും പരുത്തികൃഷിയുടെ സാധ്യത മനസ്സിലാക്കി. കുറഞ്ഞ ചെലവിൽ തുണിത്തരങ്ങൾ വിപണിയിൽ ഇറക്കി. മാഞ്ചസ്റ്ററിന്‍റെ മോടിയറ്റു. എൺപതുകളോടെ മില്ലുകളിലധികവും തുരുമ്പിച്ചു. പുതിയ നൂറ്റാണ്ടിന്‍റെ പിറവിയോടെ കഥ മാറി. തുണി വ്യവസായത്തിന് സർക്കാർ പിന്തുണയേറി. നൂലുകൾക്ക് നിറം വച്ചു. നെയ്ത്തു സ്വപ്നങ്ങൾക്ക് ശോഭയേറി. പഴയ പ്രതാപത്തിന്‍റെ വഴിയെ തുണിമില്ലുകൾ ശബ്ദിച്ചു തുടങ്ങിയിരിക്കുന്നു

click me!