ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗൂഗിള്‍ മേധാവി

By Web TeamFirst Published Jun 13, 2019, 5:44 PM IST
Highlights

ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഫൈനലിലെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും മികച്ച ടീമുകളാണെന്നും പിച്ചായ് പറഞ്ഞു.

കാലിഫോര്‍ണിയ: ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചായ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും ഏറ്റു മുട്ടുമെന്നാണ് പിച്ചായിയുടെ പ്രവചനം. ഇന്ത്യ കിരിടം നേടുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പിച്ചായ് പറഞ്ഞു.

താനൊരു ക്രിക്കറ്റ് ആരാധകനാണെന്നും പിച്ചായ് വ്യക്തമാക്കി. ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഫൈനലിലെത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഓസ്ട്രേലിയയും ന്യൂസിലന്‍ഡും മികച്ച ടീമുകളാണെന്നും പിച്ചായ് പറഞ്ഞു. അമേരിക്കയിലെത്തിയപ്പോള്‍ ബേസ് ബോള്‍ കളിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ചും പിച്ചായ് മനസുതുറന്നു. സത്യസന്ധമായി പറഞ്ഞാല്‍ ബേസ് ബോള്‍ കളിക്കാനായി ഇറങ്ങിയ ആദ്യത്തെ അനുഭവം തന്നെ അല്‍പം വെല്ലുവിളി നിറഞ്ഞതായായിരുന്നു.

ആദ്യമായി ബേസ് ബോള്‍ കളിച്ചപ്പോള്‍ പന്ത് അടിച്ച് പുറത്തിട്ടു. ക്രിക്കറ്റില്‍ ശരിക്കും അത് നല്ല ഷോട്ടാണ്. പക്ഷെ ആ ഷോട്ട് കണ്ടിട്ടും ആളുകള്‍ അഭിനന്ദിക്കുന്നില്ല. അതുപോലെ, റണ്ണെടുക്കാന്‍ ഓടുമ്പോള്‍ ക്രിക്കറ്റിലെന്ന പോലെ ഞാന്‍ ബേസ് ബോള്‍ ബാറ്റും പിടിച്ചാണ് ഓടിയത്. അങ്ങനെ ചെയ്യരുതെന്ന് എനിക്കറിയില്ലായിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ ബേസ്ബോള്‍ അല്‍പം കടുപ്പമായി തോന്നിയെന്നും പിച്ചായ് പറഞ്ഞു.

click me!