ഫ്ലക്സ് ബോര്‍ഡ് വീണ് ടെക്കി മരിച്ച സംഭവം: വിചിത്ര വാദവുമായി അണ്ണാ ഡിഎംകെ നേതാവ്

By Web TeamFirst Published Oct 6, 2019, 2:33 PM IST
Highlights

സംഭവത്തില്‍ ആര്‍ക്കെതിരെയെങ്കിലും കേസെടുക്കാമെങ്കില്‍ അത് കാറ്റിനെതിരെയാണെന്ന് പൊന്നയ്യന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: റോഡരികില്‍ സ്ഥാപിച്ച ഹോര്‍ഡിംഗ് പൊളിഞ്ഞ് വീണ് ഐടി ജീവനക്കാരിയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ വിചിത്രവാദവുമായി  എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍. ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്  സി പൊന്നയ്യന്‍ വിചിത്ര വാദമുന്നയിച്ചത്. സംഭവത്തില്‍ ആര്‍ക്കെതിരെയെങ്കിലും കേസെടുക്കാമെങ്കില്‍ അത് കാറ്റിനെതിരെയാണെന്ന് പൊന്നയ്യന്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് അനധികൃതമായി ഹോര്‍ഡിംഗ് സ്ഥാപിച്ചതിന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ അറസ്റ്റ് ചെയ്തിരുന്നു. 

പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ ബാനര്‍ സ്ഥാപിച്ചയാള്‍ക്ക് ഉത്തരവാദിത്തമില്ല. കാറ്റിനാണ് മരണത്തില്‍ ഉത്തരവാദിത്തമെന്നും പൊന്നയ്യന്‍ പറഞ്ഞു. സംഭവം പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയോ എന്ന ചോദ്യത്തിനാണ് പൊന്നയ്യന്‍റെ പ്രതികരണം. സെപ്റ്റംബര്‍ 12നാണ് ശുഭശ്രീ രവി എന്ന ഐടി ജീവനക്കാരി സ്കൂട്ടറില്‍ സഞ്ചരിക്കവെ ഹോര്‍ഡിംഗ് വീണ് അപകടത്തില്‍പ്പെട്ട് മരിക്കുന്നത്. മുഖ്യമന്ത്രി ഇ പളനിസ്വാമി, മുന്‍ മുഖ്യമന്ത്രി ജയലളിത എന്നിവരുടെ ചിത്രമടങ്ങിയ കൂറ്റന്‍ ബോര്‍ഡ് പെണ്‍കുട്ടിയുടെ മേല്‍ വീണത്. സംഭവം തമിഴ്നാട്ടില്‍ പ്രക്ഷോഭത്തിന് കാരണമായി.

തമിഴ്നാട്ടിലെ ചലച്ചിത്ര-സാമൂഹിക രംഗത്തെ പ്രമുഖര്‍ തമിഴ്നാട്ടിലെ ഹോര്‍ഡിംഗ് സംസ്കാരത്തിനെതിരെ രംഗത്തെത്തിയിരുന്നു. അനധികൃതമായി ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. 2017 ലും സമാനമായി മരണം നടന്നിരുന്നു. 


 

click me!