പാരിപ്പള്ളിയിൽ കുഞ്ഞിന് ദാരുണാന്ത്യം, കാലിൽ രക്തം കട്ട പിടിച്ച പാട്, മരണം രക്തം ഛർദ്ദിച്ച്

Published : Oct 06, 2019, 12:46 PM ISTUpdated : Oct 06, 2019, 03:05 PM IST
പാരിപ്പള്ളിയിൽ കുഞ്ഞിന് ദാരുണാന്ത്യം, കാലിൽ രക്തം കട്ട പിടിച്ച പാട്, മരണം രക്തം ഛർദ്ദിച്ച്

Synopsis

കാര്യമായി അസുഖമൊന്നുമില്ലെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുകൊണ്ടു വന്നതെന്ന് കുട്ടിയുടെ അച്ഛന്‍റെ സഹോദരി ഷൈമ ഏഷ്യാനെറ്റ് ന്യൂസിനോട്. 

കൊല്ലം/തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയിൽ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. പാരിപ്പള്ളി ചിറയ്ക്കൽ സ്വദേശി ദിപുവിന്‍റെ മകൾ ദിയയാണ് മരിച്ചത്. അമ്മയുടെ മർദ്ദനമേറ്റാണ് കു‍ഞ്ഞ് മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.  

ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡി. കോളേജിലേക്ക് കൊണ്ടുപോകും വഴി നില വഷളായി. ഇതേത്തുടർന്ന് പ്രവേശിപ്പിച്ച കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കുട്ടി മരിച്ചത്. 

മരിച്ച ദിയയുടെ കാലിൽ രക്തം കട്ട പിടിച്ച പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഒരു ദിവസം മുമ്പ് അടി കൊണ്ടതിന്‍റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങൾ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോൾ രക്തം ഛർദ്ദിച്ചാണ് മരിച്ചത്.

കുട്ടിയുടെ അമ്മ പക്ഷേ, കമ്പ് കൊണ്ട് കാലിൽ അടിച്ചു എന്നല്ലാതെ, വേറെ മർദ്ദിച്ചിട്ടില്ലെന്നാണ് ഇപ്പോഴും പൊലീസിനോട് പറയുന്നത്. കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലാണ് കുട്ടിയുടെ അമ്മ രമ്യ. രമ്യ മർദ്ദിച്ചതുകൊണ്ടാണോ കുട്ടി മരിച്ചതെന്ന് ഇപ്പോഴും പൊലീസ് തറപ്പിച്ച് പറയുന്നില്ല. കുട്ടിയുടെ മരണവിവരമറിഞ്ഞ് കുട്ടിയുടെ അച്ഛൻ ദിപു കുഴഞ്ഞു വീണു. അച്ഛൻ ഇപ്പോഴും ചികിത്സയിലാണ്. മൊഴിയെടുക്കാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോൾ ഡോക്ടർമാരാണ് ആദ്യം ഈ സംശയം പ്രകടിപ്പിച്ചത്. കൂടുതൽ വിദഗ്‍ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അയക്കുകയായിരുന്നു. എന്നാൽ വഴിയിൽ വച്ച് കുഞ്ഞ് വീണ്ടും രക്തം ഛർദ്ദിച്ചതിനാൽ തൊട്ടടുത്ത് കഴക്കൂട്ടത്തുള്ള സിഎസ്ഐ മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

അച്ഛന്‍റെ സഹോദരി പറയുന്നത്..

കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടെന്ന് അച്ഛന്‍റെ സഹോദരി ഷൈമ പറയുന്നു. പക്ഷേ കുട്ടിയെ രമ്യ നന്നായിത്തന്നെയാണ് നോക്കിയിരുന്നതെന്ന് അവർ പറയുന്നു. കുട്ടികളെ മർദ്ദിക്കാറില്ലെന്നാണ് തന്‍റെ അറിവെന്നും എന്താണിതിന്‍റെ സത്യാവസ്ഥയെന്ന് അറിയില്ലെന്ന് അവർ കര‌ഞ്ഞുകൊണ്ട് പറയുന്നു. : 

''എന്നെ വന്ന് ആശുപത്രിയിൽ വന്ന് വിളിച്ചു കൊണ്ടുപോയതാണ്. കാര്യമായി അസുഖമൊന്നുമില്ല. നീയൊന്ന് വരണമെന്ന് മാത്രമാണ് എന്‍റെ സഹോദരൻ പറഞ്ഞത്. കൊല്ലം പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ കുഞ്ഞ് തീരെ വയ്യാതെ കിടക്കുവാണ്. അവശനിലയിലാണ്. ദേഹത്ത് പാടുകളുണ്ടായിരുന്നു. അപ്പോൾ ഞാൻ അവളോട് ചോദിച്ചു, നീ കുഞ്ഞിനെ അടിച്ചോ ന്ന് ചോദിച്ചു. പനിയുണ്ടായിരുന്നതുകൊണ്ട് ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ്, കമ്പ് കൊണ്ട് ഞാനടിച്ചു ചേച്ചീ എന്ന് അവള് എന്നോട് പറഞ്ഞു. ഞാനവളെ വഴക്കും പറഞ്ഞു. നീ എന്തിനാ അങ്ങനെ അവളെ അടിച്ചത്? അവൾക്ക് വേണമെങ്കിൽ കഴിക്കില്ലേ എന്ന് ഞാൻ ചോദിച്ചു'', കരഞ്ഞുകൊണ്ട് ഷൈമ പറയുന്നു.

''നല്ല പനിയുണ്ടായിരുന്നു മോൾക്ക്. കൊല്ലം ശാരദാ ഹോസ്പിറ്റലിലാണ് കാണിച്ചത്. തീരെ വയ്യാതെ ആശുപത്രിയിൽ കാണിച്ച് അവിടെ കുട്ടിയെ ഒരു ദിവസം കിടത്തി വൈകിട്ട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തതാണ്. പിന്നെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയി കിടത്തി, പിന്നെ അവിടെ നിന്ന് ചിറയ്ക്കലിലുള്ള സ്വന്തം വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി'', എന്ന് ഷൈമ.

''ഇന്ന് രാവിലെ കുഞ്ഞിനെ ഭക്ഷണം കഴിക്കാത്തതിന് അടിച്ചുവെന്നാണ് പറയുന്നത്. പക്ഷേ ഡോക്ടർമാർ പരിശോധിച്ച് പറയുന്നത് ഇന്ന് രാവിലെയല്ല, കുറേ ദിവസമായിട്ട് കുഞ്ഞിനെ അവള് അടിയ്ക്കുന്നുണ്ടെന്നാണ്. സത്യാവസ്ഥ ഞങ്ങൾക്ക് അറിയില്ല. കുഞ്ഞിന്‍റെ ദേഹത്ത് രണ്ട് മൂന്ന് പാടുണ്ട് തല്ലിയതിന്‍റെ. ഇത് കമ്പ് വച്ച് അടിച്ചതിന്‍റെ പാടാണ്'', എന്ന് ഷൈമ പറയുന്നു. 

''അവളൊരു നഴ്‍സാണ്. നല്ല രീതിയിലാണ് അവള് കുഞ്ഞിനെ നോക്കിയിരുന്നത്. അങ്ങനെയല്ലാത്ത ഒരു പരാതിയും എനിക്ക് ഇത് വരെ അറിയില്ല. ഞങ്ങളോടൊക്കെ നന്നായിത്തന്നെയാ പെരുമാറിയിരുന്നത്'', എന്ന് ഷൈമ മാധ്യമങ്ങളോട് പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ