ധുംക കൂട്ടബലാത്സംഗ കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം തടവ്

By Web TeamFirst Published Jun 11, 2019, 5:01 PM IST
Highlights

കോളേജിൽ നിന്നും സുഹൃത്തിനൊപ്പം മടങ്ങും വഴി മൂത്രമൊഴിക്കാൻ വഴിയിൽ നിര്‍ത്തിയപ്പോഴാണ് പെൺകുട്ടിയെ 16 ഓളം പേര്‍ ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചത്

ധൻബാദ്: വിവാദമായ മഹാരാഷ്ട്ര ധുംക കൂട്ടബലാത്സംഗ കേസിൽ 11 പ്രതികൾക്കും മരണം വരെ തടവുശിക്ഷ. 2017 ൽ 19 കാരിയായ യുവതിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും ഇതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് വിധി. യുവതിക്ക് ഓരോ പ്രതിയും 2.97 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും നൽകണം.

ധൻബാദ് ജില്ല സെഷൻസ് കോടതി ജഡ്ജി പവൻ കുമാറിന്റേതാണ് വിധി. ജോൺ മുര്‍മു, മാര്‍ഷൽ മുര്‍മു, അൽബിനസ് ഹെംബ്രോം, ജയപ്രകാശ് ഹെംബ്രും, സുഭാഷ് ഹെംബ്രും, ശൈലേന്ദ്ര മുര്‍മു, സുരജ് സോരൻ, ഡാനിയേൽ കിസ്കു, സുമൻ സോറെൻ, അനിൽ റാണ, സദ്ദാം അൻസാരി എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പേര്‍ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വിചാരണ നേരിടുകയാണ്.

യുവതി, പുരുഷ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ 2017 സെപ്തംബര്‍ ആറിന് വൈകിട്ട് ആറോളം പേരടങ്ങിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. പിന്നീട് സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കി കെട്ടിയിട്ട ശേഷം ആറ് പേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് സുഹൃത്തക്കളെ വിളിച്ചുവരുത്തിയ സംഘം ഇവരെകൊണ്ടും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ ഇതിന്റെ മുഴുവൻ ദൃശ്യങ്ങളും സംഘം വീഡിയോ ആക്കി പകര്‍ത്തി പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.

കോളേജിൽ നിന്നും മടങ്ങും വഴി മൂത്രമൊഴിക്കാൻ വഴിയിൽ നിര്‍ത്തിയപ്പോഴായിരുന്നു ആക്രമണം എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഘം ഇവരിൽ നിന്ന് പണം ആവശ്യപ്പെട്ടു, പ്രതികരിച്ചപ്പോൾ ആക്രമിച്ചുവെന്നാണ് ഇരയുടെ മൊഴി. യുവതിയുടെയും സുഹൃത്തിന്റെയും പക്കലുണ്ടായിരുന്ന പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളും സംഘം അപഹരിച്ചു. പീഡിപ്പിച്ച ശേഷം യുവതിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം കടന്നു. ഇവിടെ നിന്നും യുവതിയും സുഹൃത്തും നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

click me!