11 പെൺകുട്ടികളേയും കൊന്നു കുഴിച്ചുമൂടിയത് അഭയകേന്ദ്രം നടത്തിപ്പുക്കാരൻ തന്നെ; സിബിഐ

By Web TeamFirst Published May 4, 2019, 9:58 AM IST
Highlights

അഭയകേന്ദ്രത്തിലെ അന്തേവാസികളായ 11 പെൺകുട്ടികളേയും കൊലപ്പെടുത്തിയത് അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറും കൂട്ടാളികളുമാണെന്ന് സിബിഐ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. 

ദില്ലി: വിവാദമായ ബിഹാര്‍ മുസാഫർപൂർ സർക്കാർ അഭയകേന്ദ്രത്തിലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. അഭയകേന്ദ്രത്തിലെ അന്തേവാസികളായ 11 പെൺകുട്ടികളേയും കൊലപ്പെടുത്തിയത് അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറും കൂട്ടാളികളുമാണെന്ന് സിബിഐ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗ​ഗോയി, ദീപക് ​ഗുപ്ത എന്നിവർ നേതൃത്വം നൽകിയ ബെഞ്ചിന് മുമ്പാകെയാണ് സിബിഐ സത്യവാങ്മൂലം സമർപ്പിച്ചത്.  

ബ്രജേഷ് താക്കൂറും കൂട്ടാളികളും ചേർന്ന് അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് സിബിഐ കോടതിയിൽ പറഞ്ഞു. അഭയകേന്ദ്രത്തിലെ ഒരു പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അസ്ഥികൂട്ടം പൊലീസ് കണ്ടെടുത്തത്. സിക്കന്തര്‍പൂർ പ്രദേശത്തെ ശ്മശാനത്തിലാണ് പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ അഭയകേന്ദ്രത്തിലെ മറ്റ് പെൺകുട്ടികളുടെ അസ്ഥിക്കൂടങ്ങളും പൊലീസ് കണ്ടെടുക്കുകയായിരുന്നു. 

ബ്രജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. ഇവിടെ പെൺകുട്ടികൾ ലൈം​ഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ റിപ്പോർട്ടാണ് കേസിൽ വഴിത്തിരിവായത്. കഴിഞ്ഞ വർഷം നവംബർ 28-നാണ് സുപ്രീംകോടതി കേസ് സിബിഐയ്ക്ക് കൈമാറിയത്. 

അന്വേഷണ ഉദ്യോ​ഗസ്ഥരുടേയും നിംഹാൻസും (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ്) ചേർന്ന് അന്തേവാസികളായ പെൺകുട്ടികളോട് സംസാരിക്കുകയും അവരുടെ മൊഴി പ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുകയുമായിരുന്നുവെന്ന് സിബിഐ പറഞ്ഞു. ബ്രജേഷ് അടക്കം 21 പേർക്കെതിരെ സിബിഐ കേസെടുത്തത്. 

click me!