
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ വർഷം റെക്കോർഡ് സ്വർണ്ണവേട്ട. 45.26 കോടി രൂപ വിലമതിക്കുന്ന 131 കിലോ സ്വർണ്ണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്. ആകെ രജിസ്റ്റർ ചെയ്തത് 367 കള്ളക്കടത്ത് കേസുകളില്‍ 67 കോടി രൂപ മൂല്യമുള്ള ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി കള്ളക്കടത്തിടപാടിലൂടെ കൊണ്ടുവന്ന സ്വർണ്ണമടക്കമുള്ളവയുടെ കണക്കുകളാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പുറത്തുവിട്ടത്. ബിസ്കറ്റുകളാക്കിയും മിശ്രിതമാക്കിയും കളിപ്പാട്ടം, മിക്സി അടക്കം വിവിധ വസ്തുക്കളില്‍ ഒളിപ്പിച്ചും ശരീരത്തില്‍ കെട്ടിവെച്ചുമൊക്കെയായി കടത്തിക്കൊണ്ടു വന്ന 131 കിലോ സ്വർണ്ണമാണ് 12 മാസത്തിനുള്ളില്‍ പിടികൂടിയത്. 45 കോടി 26 ലക്ഷം രൂപയുടെ മൂല്യം ഇതിനുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്വർണ്ണം കൂടാതെ നാലരക്കിലോ ഹാഷിഷും പിടിച്ചെടുത്തു. രാജ്യാന്തര മാർക്കറ്റില്‍ 4 കോടി 87 ലക്ഷം രൂപയുടെ മൂല്യം ഇതിനുണ്ട്. 61 ലക്ഷം രൂപയുടെ 1560 കാർട്ടണ്‍ വിദേശ സിഗരറ്റുകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
മൂന്ന് കോടി 30 ലക്ഷം രൂപയുടെ വിദേശ കറന്‍സി കടത്താനുള്ള ശ്രമങ്ങളും എയർ കസ്റ്റംസ് പരാജയപ്പെടുത്തി. ഒന്നേകാല്‍ കോടിയുടെ ഇന്ത്യൻ രൂപ കടത്താൻ ശ്രമിച്ചതിന് 23 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശനാണ്യ വിനിമയത്തില്‍ 17 കോടി രൂപയുടെ തിരിമറിയും ഇക്കാലയളവില്‍ കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam