യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്ത ഭർത്താവിന് മർദ്ദനം; 14 അംഗ സംഘം അറസ്റ്റിൽ

By Web TeamFirst Published Jan 17, 2023, 1:18 AM IST
Highlights

ഇന്നലെ ഉച്ചയ്ക്കാണ് വാഗമൺ സന്ദർശിച്ച ശേഷം രാജിത്തും കുടുംബവും അഞ്ചുരുളിയിൽ എത്തിയത്. ഈ സമയം അഞ്ചുരുളിയിൽ നിന്ന് തിരികെ മടങ്ങാൻ തുടങ്ങുകയായിരുന്ന മദ്യപ സംഘം കവിതയോട് അശ്ലീലഭാഷയിൽ സംസാരിച്ചു

ഇടുക്കി: ഇടുക്കിയിലെ അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുട്ടികൾ ഉൾപെട്ട നാലംഗ കുടുംബത്തെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 14 അംഗ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. സംഘത്തിലെ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്തത് ഭ‍ർത്താവ് ചോദ്യം ചെയ്തതിനെ തുടർന്നയിരുന്നു ആക്രമണം. പെരുമ്പാവൂർ സ്വദേശി രാജിത്ത് രാജു, ഭാര്യ കവിത, രണ്ടു മക്കൾ എന്നിവരെയാണ് സംഘം ആക്രമിച്ചത്.  

ഇന്നലെ ഉച്ചയ്ക്കാണ് വാഗമൺ സന്ദർശിച്ച ശേഷം രാജിത്തും കുടുംബവും അഞ്ചുരുളിയിൽ എത്തിയത്. ഈ സമയം അഞ്ചുരുളിയിൽ നിന്ന് തിരികെ മടങ്ങാൻ തുടങ്ങുകയായിരുന്ന മദ്യപ സംഘം കവിതയോട് അശ്ലീലഭാഷയിൽ സംസാരിച്ചു. രാജിത്ത് ഇത് ചോദ്യം ചെയ്തതോടെ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ച കവിതയെയും ആക്രമിച്ചു. ദമ്പതികളെ രക്ഷിക്കാൻ എത്തിയ വ്യാപാരികൾ അടക്കമുള്ളവരെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് രണ്ടു വാഹനങ്ങളിലായി പ്രദേശത്തു നിന്ന് സംഘം രക്ഷപെടുകയായിരുന്നു.

ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിലും അടുത്ത സ്ഥലമായ കക്കാട്ടുകടയിൽ ഉള്ളവരെയും വിവരം അറിയിച്ചു. കക്കാട്ടുകടയിൽ നാട്ടുകാർ സംഘടിച്ച് ഇവരുടെ വാഹനം തടഞ്ഞപ്പോഴും സംഘർഷമുണ്ടായി.  തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വണ്ടന്മേട് മാലി സ്വദേശികളായ പ്രശാന്ത്,  ശബരി,  പ്രശാന്ത്,  അജിത് കുമാർ,  വിവിഷൻ, മനോജ്,  സുധീഷ്,  അരുൺ, വിജയ്,  സതീഷ്, സൂര്യ, രഘു, അജിത് കുമാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സംഘത്തിലുണ്ടായിരുന്നതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.

പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി കട്ടപ്പനയിൽ സിനിമ കാണുവാൻ എത്തിയതായിരുന്നു യുവാക്കൾ. എന്നാൽ ടിക്കറ്റ് കിട്ടാതെ വന്നതോടെ ഇവർ അഞ്ചുരുളിയിൽ എത്തുകയായിരുന്നു. ഇവർ സഞ്ചിരിച്ച രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തു. പ്രതികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ മുൻകാല കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിച്ച് ഗുണ്ട ആക്ട് പോലുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കണ്ണൂരില്‍ വയോധികയുടെ വീടിന് അജ്ഞാതന്‍ തീവെച്ചു, സിസിടിവി ദൃശ്യം പുറത്ത്

click me!