
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത. പതിനാല് വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് നിരന്തരമായി പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്. കുട്ടിയുടെ പിതാവും ബന്ധുക്കളും ഉൾപ്പടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുന്നപ്ര സ്വദേശിയായ പതിനാലുകാരി എട്ട് വയസുമുതൽ ലൈംഗിക പീഡനത്തിന് ഇരയായി. മാതാവിന്റെ സഹോദരനാണ് എട്ടാം വയസ്സിൽ പീഡിപ്പിച്ചത്. ആലപ്പുഴ സൌത്ത് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ പിന്നീട് ആത്മഹത്യ ചെയ്തു.
ഇതിനിടെ മാതാവ് കുട്ടിയെ ഉപേക്ഷിച്ച് പോയി. തുടർന്ന് സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്നു പെൺകുട്ടി. 2022 ഇൽ പിതാവ് കുട്ടിയെ സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു. ഇതിനു ശേഷമാണ് പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും പതിനാലുകാരി നിരന്തര പീഡനത്തിന് ഇരയായത്. പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു. പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ച ശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനവിവരം തുറന്നു പറഞ്ഞു.
ഇതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പോലിസ് നാലു പോക്സോ കേസുകൾ രെജിസ്റ്റർ ചെയ്തു. പിതാവ് ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരു ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് ഇരയായ പെൺകുട്ടി. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam