
തേനി: സ്നേഹ ബന്ധത്തിന് എതിര് നിന്ന അച്ഛനെ ആൺസുഹൃത്തിൻ്റെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പതിനാറുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിനെ വെട്ടിയ ആൺസുഹത്തുൾപ്പെടെ മൂന്ന് പേരെയും പൊലീസ് പിടികൂടി. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം.
തേനിയിൽ താമസിക്കുന്ന പെരിയകുളം സ്വദേശിയായ വേണുഗോപാലിനെയാണ് കൊലപ്പെടുത്താനായി മകളുടെ ആൺസുഹൃത്തും ഇയാളുടെ കൂട്ടുകാരും ചേർന്ന് മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകളെയും സുഹൃത്ത് മുത്തു കാമാക്ഷി, കൂട്ടുകാരായ ശെൽവ കുമാർ, കണ്ണപ്പൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ വീട്ടിൽ നിന്നാണ് വേണുഗോപാലിൻ്റെ മകൾ സ്ക്കൂളിൽ പഠിച്ചിരുന്നത്. ഇതിനിടെ ഒ പന്നീർശെൽവത്തിൻ്റെ ബന്ധുലിൻ്റെ ഡ്രൈവറുമായി കുട്ടി ലോഹ്യത്തിലായി. സംഭവ മറിഞ്ഞ വേണുഗോപാൽ ബന്ധത്തെ എതിർത്തു. മുത്തുകാമാക്ഷിയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ഇക്കാര്യത്തിൽ ഇടപെടണമെന്ന് വാഹന ഉടമയോടും ആവശ്യപ്പെട്ടു. തയ്യാറാകാതെ വന്നതോടെ മുത്തു കാമാക്ഷിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. വേണുഗോപാൽ മകളെ തേനിയിൽ തനിക്കൊപ്പം നിർത്തി.
ഇതോടെ അച്ഛനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തണമെന്ന് മുത്തു കാമാക്ഷിയോട് പല തവണ ആവശ്യപ്പെട്ടു. മുത്തു ഇതിനായി പലരെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ല. ഒടുവിൽ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്താൻ മുത്തു കാമാക്ഷി തീരുമാനിച്ചു. വീട്ടിലേക്ക് വരുന്ന വഴിയിൽ കൃത്യം നടത്താൻ പറ്റിയ ആളില്ലാത്ത സ്ഥലം പറഞ്ഞു കൊടുത്തതും പെൺകുട്ടിയാണ്. സംഭവ ദിവസം രാത്രി വേണുഗോപാൽ ഇരുചക്രവാഹനത്തിൽ വരുമ്പോൾ മുത്തു കാമാക്ഷി സുഹൃത്തുക്കളായ ശെൽവകുമാർ, കണ്ണപ്പൻ എന്നിവരോടൊപ്പെം ബൈക്കിൽ പിന്തുടർന്നെത്തി ചവിട്ടി വീഴ്ത്തി. പിന്നീട് മൂന്നു പേരും ചേർന്ന് തുരുതുരാ വെട്ടി. സംഭവ ശേഷം ഒന്നുമറിയാത്തപോലെ പെൺകുട്ടി അച്ഛനൊപ്പം ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലായത്. സംഭവ സമയത്ത് മുത്തു കാമാക്ഷിയുടെ മൊബൈൽ ലൊക്കേഷനും പൊലീസ് പരിശോധിച്ചു. തുടർന്ന് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. അറസ്റ്റിലായ നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വേണുഗോപാൽ ഗുരുതരാവസ്ഥയിൽ മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam