അനുമതിയില്ലാതെ പരേഡ്; 16 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By Web TeamFirst Published Oct 30, 2019, 10:52 AM IST
Highlights

ഇവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാണ്ഡ്യ നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതാണ് പൊലീസ് നടപടിയെന്ന് ഇവര്‍ ആരോപിച്ചു. 

മൈസൂരു: അനുമതിയില്ലാതെ പരേഡ് നടത്തിയതിന് കര്‍ണാടകയിലെ മാണ്ഡ്യയില്‍ 16 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മാണ്ഡ്യയിലെ  അലമ്പാടിയിലുള്ള കരിമ്പ് പാടത്താണ് ഇവര്‍ പൊലീസിന്‍റെയോ സ്ഥലമുടയുടേയോ അനുമതിയില്ലാതെ പരേഡ് നടത്തിയത്. അറസ്റ്റിലായവരില്‍ എല്ലാം കര്‍ണാടക സ്വദേശികളാണ്. ഇവരുടെ നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് മാണ്ഡ്യ എസ്പി കെ പരശുറാം പറഞ്ഞു.

സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവര്‍ പരേഡ് നടത്തിയത്.  ഇവരെ കൂടുതല്‍ ചോദ്യം ചെയ്യും. പരേഡിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകനെതിരെ ഹുസൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ട്. ഐപിസി 153, 117 വകുപ്പുകള്‍ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. 

ഇവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മാണ്ഡ്യ നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതാണ് പൊലീസ് നടപടിയെന്ന് ഇവര്‍ ആരോപിച്ചു. ഫെബ്രുവരി 17ന് നടക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നടത്തുന്ന പരേഡിന്‍റെ പരിശീലനം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് നേതാവ് ഷഫീഖ് അഹമ്മദ് പറഞ്ഞു.

പരിശീലനം ദിനവും നടക്കുന്നതാണ്. അതുകൊണ്ടാണ് പ്രത്യേക അനുമതി വാങ്ങാതിരുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും 153 വകുപ്പ് ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.  

click me!