
ദില്ലി: ബീഡി ചോദിച്ചപ്പോൾ നൽകാത്തതിന് ഒരാളെ കുത്തിയ കേസിൽ 16കാരൻ അറസ്റ്റിൽ. ദില്ലി നിവാസിയായ കൃഷ്ണ സഹാനിക്കാണ് കുത്തേറ്റത്. കിഴക്കൻ ദില്ലിയിൽ പാണ്ഡവ് നഗറിലാണ് സംഭവം. കൊല ചെയ്യുന്ന സമയത്ത് 16കാരനായ യുവാവ് കഞ്ചാവ് ഉപയോഗിച്ചിരുന്നു. നോയിഡ ലിങ്ക് റോഡിലെ കുറ്റിക്കാട്ടിൽ ഒരു കൂട്ടം നായ്ക്കൾ കൂടി നിന്ന് കുരക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് എമർജൻസി റെസ്‌പോൺസ് വെഹിക്കിൾ (ഇആർവി) സംഘം വണ്ടി അങ്ങോട്ട് തിരിച്ചത്. അപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇയാൾ അവശനായ നിലയിൽ കിടക്കുന്നത് കണ്ടത്.
പരിശോധനയിൽ, വയറിലും നെഞ്ചിലും കുത്തേറ്റ നിലയിൽ അബോധാവസ്ഥയിൽ കിടക്കുന്ന ഒരാളെ കണ്ടെത്തുകയായിരുന്നു. ഇയാളെ പിന്നീട് ലാൽ ബഹാദൂർ ശാസ്ത്രി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് ഇയാൾക്ക് ബോധം വീണ്ടെടുക്കാനായത്. ഇതിനു ശേഷം ഇയാൾ നടന്ന സംഭവം പൊലീസിനോട് പറയുകയായിരുന്നു. 16കാരനായ ആൺകുട്ടി പല തവണ തന്നോട് ബീഡി ചോദിച്ചുവെന്നും നൽകാൻ മടിച്ചതിന്റെ ദേഷ്യത്തിഷൽ ആക്രമണം നടത്തുകയായിരുന്നുവെന്നും കൃഷ്ണ മൊഴി നൽകി. ഇതിന് ശേഷം, ഇയാളെ കുറ്റിക്കാട്ടിൽ തള്ളിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പ്രതി ഉറങ്ങിക്കിടന്നിരുന്ന സമയത്ത്, ഞ്ജയ് ലേക്ക് ഗാർഡനിൽ നിന്ന് പ്രതിയായ ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന രക്തം പുരണ്ട കത്തി ഇയാളിൽ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ചുവെന്നും പതിവായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നും കുട്ടി വെളിപ്പെടുത്തി. സംഭവം നടക്കുന്നതിന് മുൻപ് കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്നും കുട്ടി സമ്മതിച്ചു.