
ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ ക്ഷേത്രത്തിൽ രണ്ട് സുരക്ഷാജീവനക്കാരെ വെട്ടിക്കൊന്നു . മോഷണത്തിനിടെയുള്ള കൊലപാതകമെന്നാണ് നിഗമനം. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട് ദേവസ്വം വകുപ്പിന് കീഴിലുള്ള രാജപാളയം അരുളിയസ്വാമി ക്ഷേത്രത്തിലാണ് നടുക്കുന്ന കൊലപാതകം. രാത്രിയിൽ ക്ഷേത്രത്തിലുണ്ടായിരുന്നത് സുരക്ഷാ ജീവനക്കാരായ 60കാരൻ പേച്ചിമുത്തുവും 50 വയസ്സുള്ള ശങ്കര പാണ്ഡ്യനും. പകൽ സമയത്ത് സുരക്ഷാചുമതലയുള്ള മദസാമി രാവിലെ 6 മണിക്ക് ക്ഷേത്രത്തിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികളെയും പൊലീസിനെയും വിവരം അറിയിച്ചു. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായി പൊലീസ് കണ്ടെത്തി.
മോഷണശ്രമം തടയുന്നതിനിടെ ഇരുവർക്കും വെട്ടേറ്റതായാണ് പൊലീസ് നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പിടികൂടാതെ മൃതദേഹം സ്വീകരിക്കില്ലെന്ന് അറിയിച്ച ബന്ധുക്കൾ ക്ഷേത്രത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടാനാകുമെന്നും ഡിഐജി അറിയിച്ചു.